
കാലിഫോർണിയയിൽ ഫാക്ടറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വിമാനം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും, 18ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആർവി 10 എന്ന ഒറ്റ എൻജിൻ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. കെട്ടിടത്തിന്റെ മേൽക്കൂര തകർത്ത് വിമാനം ഉള്ളിലേക്ക് പതിക്കുകയായിരുന്നു.
ലോസ് ഏഞ്ചൽസിലെ ഒരു ഫർണീച്ചർ ഗോഡൗണിൻ്റെ മേൽക്കൂരയിലാണ് വിമാനം തകർന്നു വീണത്. കൊല്ലപ്പെട്ട രണ്ട് പേരും ഫാക്ടറി തൊഴിലാളികളെന്നാണ് റിപ്പോർട്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഈ പ്രദേശത്ത് രണ്ടു മാസത്തിനുള്ളിൽ തകരുന്ന രണ്ടാമത്തെ വിമാനമാണിത്. നവംബർ 25 ന് മറ്റൊരു വിമാനം മരത്തിലിടിച്ച് തകർന്നിരുന്നെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നില്ല.
വിമാനം വീണ കെട്ടിടത്തിനുള്ളിലെ ആളുകളെ ഒഴിപ്പിച്ചതായി കാലിഫോർണിയ ഫുള്ളർട്ടൺ പൊലീസ് അറിയിച്ചു. ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പത്ത് പേരെ ആശുപത്രിയിൽ എത്തിക്കുകയും എട്ട് പേർക്ക് സംഭവസ്ഥലത്ത് നിന്ന് തന്നെ ചികിത്സ നൽകിയതായും ഫുള്ളർട്ടൺ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ക്രിസ്റ്റി വെൽസ് പറഞ്ഞു.