
മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി(മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. കേസ് സിബിഐക്ക് കൈമാറണമെന്നുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. പുനരന്വേഷണമോ സിബിഐക്ക് കൈമാറേണ്ട സാഹചര്യമോ തത്ക്കാലം ഇല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു. എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരി വ്യക്തമാക്കി.
മുഡ ഭൂമി കുംഭകോണക്കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ സമർപ്പിച്ച റിട്ട് ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമെന്നത് വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹർജിയിലില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ പുനരന്വേഷത്തിനുള്ള സാഹചര്യമോ സിബിഐയ്ക്ക് കേസ് കൈമാറുകയോ ചെയ്യേണ്ടതില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന പറഞ്ഞു.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേസ് രാഷ്ട്രീയ താത്പര്യമാണ് എന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്നേഹമയി കൃഷ്ണ പറഞ്ഞു.
നഗര വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരം മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി പത്തിരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചത് വഴി വ്യക്തികൾക്ക് ലാഭമുണ്ടാക്കി, സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി എന്നിവയാണ് സിദ്ധരാമയ്യയ്ക്ക് എതിരായ കേസ്. സിദ്ധരാമയ്യ, ഭാര്യ ബിഎം പാർവതി എന്നിവർ ഒന്നും രണ്ടും പ്രതികളാണ്.
ഈ കേസിൽ ലോകായുക്ത പൊലീസും ഇഡിയും അന്വേഷണം നടത്തിവരികയാണ്. ഭൂമി വിൽപനയുടെ പേരിൽ 4000 കോടിയുടെ കുംഭകോണം നടന്നു എന്നാണ് ഇഡിയുടെ ആരോപണം. മുഡയുടെ കീഴിലുള്ള 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇഡി കഴിഞ്ഞമാസം കണ്ടുകെട്ടിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ലോകായുക്ത സെപ്റ്റംബർ 27 ന് അന്വേഷണം ആരംഭിക്കുകയും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
മുഡ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിലേക്ക് 14 സൈറ്റുകളുടെ നഷ്ടപരിഹാരം ലഭിക്കുകയും പാർവതിയുടെ പേരിലുള്ള കേസരെയിലെ മൂന്നര ഏക്കർ ഭൂമിക്ക് 3,24,700 രൂപയും പകരം ലഭിച്ചതിന് 56 കോടിയുടെ മൂല്യമുണ്ടെന്നുമാണ് ആരോപണം.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതും വിവാദമായി. പാർവതിയും സഹോദരൻ മല്ലികാർജുനും മറ്റ് പ്രതികളും ചേർന്ന് കേസരെയിലെ ഭൂമി 2004 ൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ രേഖ ചമച്ചതായി ഹർജിക്കാർ ആരോപിച്ചിരുന്നു. കേസ് വിവാദമായതോടെ ഈ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ മുഡയ്ക്ക് തിരിച്ചുനൽകി.
4000 കോടിയുടെ ക്രമക്കേട് ആരോപണമുയര്‍ന്ന സംഭവത്തിൽ പ്രത്യേക കോടതി ഉത്തരവ് പ്രകാരം സെപ്തംബര്‍ 27 നാണ് മൈസുരു ലോകായുക്ത പൊലീസ് കേസെടുത്തത്. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.