
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍. കരിങ്കൊടി കാണിച്ച കെ എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യു.ഡി.എസ്.എഫിന്‍റെ പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് വി.ടി സൂരജ്, വൈസ് പ്രസിഡന്‍റുമാരായ ഷഹബാസ്, എം.പി രാഗിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നെങ്കിലും മറ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി കാണിക്കുകയായിരുന്നു.
കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാഹനത്തിനെതിരെ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു. കരിങ്കൊടി കാണിച്ച നാല് എം.എസ്.എഫ് പ്രവര്‍ത്തകരെയും എട്ട് കെ.എസ്.യു പ്രവര്‍ത്തകരയും പൊലീസ് കസ്റ്റഡിയിലെടുത്തു.