
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്തും കോഴിക്കോടും വ്യാപക പ്രതിഷേധം. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ കോഴിക്കോട് രാജാജി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. മലപ്പുറത്ത് വനിതാ എംഎസ്എഫ് പ്രവർത്തകർ ഹയർ സെക്കൻഡറി [ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഇവിടെയെല്ലാം പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കോഴിക്കോട് കെഎസ്‌യു പ്രവർത്തകർ നടത്തിയ ആർ ഡി ഡി ഓഫീസ് മാർച്ചിലും സംഘർഷമുണ്ടായി. ഓഫീസ് പ്രവർത്തകർ പൂട്ടാൻ ശ്രമിച്ചതോടെ പൊലീസെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് കെ എസ് യുവും എംഎസ്എഫും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. കൂടാതെ മലബാറിലെ സീറ്റ് പ്രശ്നത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പൂട്ടിയിട്ടും എംഎസ്എഫ് പ്രതിഷേധിച്ചിരുന്നു.
അതേസമയം, വിദ്യാർഥി പ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ 21,550 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിവുണ്ടെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,037 മാത്രമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇനിയും പ്രവേശനം നേടാൻ നിരവധി വിദ്യാർഥികളുള്ള സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം.