
സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഭരണ-പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് മന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചത്. സീറ്റ് വിഷയത്തിൽ അനുഭാവ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നിലും നിയമസഭയിലേക്കും അടക്കം വിദ്യാർഥി സംഘടനകളുടെ വ്യാപക പ്രതിഷേധമാണ് നടന്നത്. പ്രതിപക്ഷ സംഘടനകൾക്കൊപ്പം ഭരണപക്ഷ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ ചർച്ചചെയ്ത് പരിഹാരം കാണാമെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ മന്ത്രി എത്തിയത്.
നാളെ സെക്രട്ടറിയേറ്റ് അനക്സിൽ വച്ചായിരിക്കും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സംഘടനകളുമായി ചർച്ച നടത്തുക. വിദ്യാർഥികളുടെ ആശങ്കകൾ പൂർണമായും കേട്ടതിനു ശേഷം അനുഭാവപൂർവ്വമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം നിയമസഭയിൽ ഉൾപ്പെടെ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി നിലപാട് വിശദീകരിച്ചിരുന്നു.
3,43,537 വിദ്യാർഥികളാണ് ഇത്തവണ സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലായി പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയത്. ഇനിയും അഡ്‌മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് വഴി അഡ്‌മിഷൻ ലഭിക്കുമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് വി ശിവൻകുട്ടിയുടെ വിശദീകരണം. മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് വിദ്യാർഥികൾ.