
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കുക, വയനാടിനോടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിരന്തര അവഗണന ഒഴിവാക്കുക, മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പൂട്ടിയിട്ടാണ് എം എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, പ്ലസ് വൺ പ്രവേശനം തിങ്കളാഴ്ച്ച മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 3 അലോട്ട്മെന്റുകൾ ആണ് ഇതുവരെ കഴിഞ്ഞത്. ഇനിയും 2 അലോട്ട്മെന്റുകൾ കൂടി ബാക്കിയുണ്ട്. 3,16,669 സീറ്റുകളിൽ ഇതുവരെ പ്രവേശനം നടത്തി. 2,6985 വിദ്യാർത്ഥികളാണ് പ്രവേശനം നേടാനുള്ളത്. 1,18,337 ഒഴിവുകൾ കൂടിയുണ്ട്. 7,7997 പേർ അലോട്ട്മെന്റ് ലഭിച്ചിട്ടും പല കാരണങ്ങളാൽ പ്രവേശനം നേടാത്തവരാണെന്നും, ഇനിയും വിവിധ ക്വാട്ടകളിലായി 21550 ഒഴിവുകളുണ്ടെന്നും മന്ത്രി അറിയിച്ചു. അതേ സമയം, മലപ്പുറത്ത് പ്ലസ് വണ്ണിൽ 2954 സീറ്റുകൾ കുറവുണ്ടെന്നും രണ്ട് അലോട്ട്മെന്റുകൾ കൂടി കഴിയുന്നതോടെ കൂടുതൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.