"ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി"; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ

ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുൻപ് ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോ‍ർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. ഈ റിപ്പോ‍ർട്ടിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ ജമ്മു കശ്മീ‍ർ സന്ദ‍ർശനം പ്രധാനമന്ത്രി റദ്ദാക്കിയത്
"ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് 3 ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി"; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ
Published on

പഹൽ​ഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ​ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുൻപ് ആക്രമണം നടക്കുമെന്ന ഇൻ്റലിജൻസ് റിപ്പോ‍ർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. ഈ റിപ്പോ‍ർട്ടിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ ജമ്മു കശ്മീ‍ർ സന്ദ‍ർശനം പ്രധാനമന്ത്രി റദ്ദാക്കിയതെന്നും മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

"ഇൻ്റലിജൻസ് വീഴ്ചയാണ് കേന്ദ്രത്തിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടായത്. സർക്കാർ അത് അംഗീകരിച്ചു, അവർ അത് പരിഹരിക്കും. അവർക്ക് അത് അറിയാമായിരുന്നുവെങ്കിൽ എന്താണ് അതിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്? ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുൻപ് മോദിക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കശ്മീർ സന്ദർശനം പ്രധാനമന്ത്രി റദ്ദാക്കിയത്. ഇത് ഞാൻ ഒരു പത്രത്തിൽ വായിക്കുകയും ചെയ്തു," മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാര്‍ജുൻ ഖാര്‍ഗെ ആരോപിച്ചു.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് നാളെ നടക്കാനുള്ള മോക്ക് ഡ്രില്ലിനെ സംബന്ധിച്ചുള്ള സെക്രട്ടറി തല ചർച്ചകൾ ഇന്ന് നടന്നു. ഇന്ന് 10.45ന് ആരംഭിച്ച യോഗത്തിൽ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് തലവൻമാരുമാണ് പങ്കെടുത്തത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മോക്ക് ഡ്രിൽ നടത്താനാണ് ഇന്നലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം.

അതേസമയം ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോക്ക് ഡ്രില്ലിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിത്. 24 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് ഡോവൽ - മോദി കൂടിക്കാഴ്ച നടക്കുന്നത്.

രാജ്യത്തെ 244 സിവിൽ ഡിഫൻസ് ജില്ലകളിലാണ് നാളെ മോക്ക് ഡ്രിൽ നടക്കുക. ഗ്രാമീണ തലത്തിലാണ് ഡ്രിൽ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. സിവിലിയൻസിനും വിദ്യാർഥികൾക്കും ഉൾപ്പടെ പരിശീലനം നൽകണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന ക്ഷമത പരിശോധിക്കണമെന്നും നിർദേശങ്ങളിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിർദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പരിശീലനവും ഇന്ന് നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com