
'ഏകഭൂമി, ഏകാരോഗ്യത്തിന് യോഗ’എന്നതാണ് ഈ വർഷത്തെ രാജ്യാന്തര യോഗാദിനത്തിന്റെ സന്ദേശമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗാദിനാചരണം മഹാ ഉത്സവമായി മാറിയെന്നും യോഗയ്‌ക്കൊപ്പം ലോകമെങ്ങും ആയുർവേദ ചികിത്സയ്ക്കും പ്രചാരമേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻകി ബാത് റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി 2025ലെ യോഗാ ദിന സന്ദേശം പങ്കുവെച്ചത്.
യോഗയിലൂടെ ലോകം മുഴുവൻ ആരോഗ്യകരമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ വ്യക്തമാക്കി. ഫിറ്റ്‌നസിനൊപ്പം, ഒരു ദിവസം എത്ര ചുവടുകൾ നടന്നു, എത്ര കലോറി കഴിച്ചു, എത്ര ഉപയോഗിച്ചു എന്ന് ആളുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദാഹരണ സഹിതം പ്രധാനമന്ത്രി പറഞ്ഞു. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ആയുർവേദം അതിവേഗം പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ചിലിയെ ഉദാഹരണമായി എടുത്തുകാട്ടിയായിരുന്നു പരാമർശം. "കഴിഞ്ഞ വർഷം, ബ്രസീൽ സന്ദർശന വേളയിൽ, ഞാൻ ചിലി പ്രസിഡന്റിനെ കണ്ടു. ആയുർവേദത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഞങ്ങൾ ധാരാളം ചർച്ചകൾ നടത്തി," പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള ആയുഷ് സംവിധാനങ്ങളുടെ അതിവേഗം വളരുന്ന ജനപ്രീതിയെപ്പറ്റിയും അതില്‍ പ്രധാന ഭാഗമാകുന്നവരുടെ സംഭാവനകളേയും പറ്റി നരേന്ദ്ര മോദി സംസാരിച്ചു. "'സോമോസ് ഇന്ത്യ' എന്നൊരു ടീമിനെക്കുറിച്ച് ഞാൻ അറിഞ്ഞു. സ്പാനിഷ് ഭാഷയിൽ 'നമ്മൾ ഇന്ത്യയാണ്' എന്നാണ് അതിനർത്ഥം. ഏകദേശം ഒരു പതിറ്റാണ്ടായി ഈ ടീം യോഗയും ആയുർവേദവും പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയിലും വിദ്യാഭ്യാസ പരിപാടികളിലുമാണ് അവരുടെ ശ്രദ്ധ", പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും യോഗയെ ദിനചര്യകളിൽ ഉൾപ്പെടുത്തണമെന്നും മൊത്തത്തിലുള്ള ക്ഷേമത്തിനായുള്ള രാജ്യത്തിന്റെ പരമ്പരാഗത ജ്ഞാനത്തിൽ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
യോഗ പരിശീലിക്കുന്നതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. 2015 ലാണ് ആദ്യമായി യോഗാ ദിനം ആഘോഷിച്ചത്.