
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു വീണ സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി വെറുമൊരു പേര് മാത്രമല്ലെന്നും ശിവജിയെ ദൈവമായി കാണുന്ന, സംഭവത്തിൽ വിഷമം ഉണ്ടായ എല്ലാവരോടും ശിരസ് കുമ്പിട്ട് മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി. നമ്മുടെ ദൈവത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും മോദി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര സിന്ധുദുർഗിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നത്. സംഭവത്തിൽ പ്രതിമയുടെ സ്ട്രക്ചറൽ കൺസൽട്ടൻ്റ് ചേതൻ പാട്ടീലിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മാപ്പു പറച്ചിൽ.
ഉദ്ഘാടനം ചെയ്ത് ഒരു വർഷം പൂർത്തിയാകുന്നതിനു മുന്നേ പ്രതിമ തകർന്നത് വ്യാപക വിമർശനത്തിന് ഇടയാക്കി. സംസ്ഥാന സർക്കാർ ശ്രദ്ധ കൊടുക്കാത്തതാണ് പ്രതിമ തകരാൻ കാരണമെന്നായിരുന്നു NCP സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീലിൻ്റെ ആരോപണം. പ്രതിമയുടെ ഗുണനിലവാരം മോശമായിരുന്നെന്ന് ആരോപിച്ച് ശിവസേന എംഎൽഎ വൈഭവ് നായികും രംഗത്തെത്തി.
എന്നാൽ തുടർച്ചയായ മഴയും കാറ്റുമാണ് പ്രതിമയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥ പക്ഷം. നാവികസേനാ ദിനത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് മാൽവാനിലെ രാജ്‌കോട്ട് ഫോർട്ടിൽ പ്രതിമ സ്ഥാപിച്ചത്.