'ഞാന്‍ ദൈവമല്ല, തെറ്റുകള്‍ പറ്റും'; ആദ്യ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

രണ്ട് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റില്‍ ബാല്യകാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികള്‍, സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍, നയരൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു.
'ഞാന്‍ ദൈവമല്ല, തെറ്റുകള്‍ പറ്റും'; ആദ്യ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
Published on

തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കും, തനിക്കും പറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിഖില്‍ കാമത്തിന്റെ പീപ്പിള്‍ ബൈ ഡബ്ല്യുടിഎഫ് പരമ്പരയിലെ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി എത്തിയത്. ആദ്യമായാണ് പ്രധാനമന്ത്രി ഒരു പോഡ്കാസ്റ്റിന്റെ ഭാഗമാകുന്നത്.

'ഞാനും മനുഷ്യനാണ്, ദൈവമൊന്നുമല്ല, തെറ്റുകള്‍ സംഭവിക്കാം. എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും'. പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇത് തന്റെ ആദ്യ പോഡ്കാസ്റ്റാണെന്നും ജനങ്ങള്‍ ഇത് എങ്ങനെയാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റില്‍ ബാല്യകാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, തിരിച്ചടികള്‍, സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍, നയരൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. പോഡ്കാസ്റ്റിന്റെ ട്രെയിലര്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്.

മികച്ച ആളുകള്‍ രാഷ്ട്രീയത്തിലേക്ക് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് അഭിലാഷത്തോടെയല്ല, ലക്ഷ്യത്തോടെയാകണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രസംഗത്തെ കുറിച്ച് പരാമര്‍ശിച്ചായിരുന്നു മോദി തനിക്കും തെറ്റുകള്‍ പറ്റാം എന്ന് ആവര്‍ത്തിച്ചത്. 'കഠിനാധ്വാനം ചെയ്യുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല, എനിക്കു വേണ്ടി ഒന്നും ചെയ്യില്ല. തെറ്റുകള്‍ പറ്റാം, ഞാനും മനുഷ്യനാണ്, ദൈവമല്ല. പക്ഷേ, ദുരുദ്ദേശത്തോടെ തെറ്റായൊന്നും ചെയ്യില്ല. ഇതാണ് എന്റെ ജീവിത മന്ത്രം'. എന്നായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി പറഞ്ഞത്.

ഗോദ്ര സംഭവത്തെ കുറിച്ചും 2002 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുമുള്ള ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെ: '2002ലെ ഗുജറാത്ത്‍ തെരഞ്ഞെടുപ്പ്, എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷാ കാലമായിരുന്നു അത്. രാത്രി പന്ത്രണ്ട് മണിവരെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ളതൊന്നും എന്നോട് പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട്,‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ഞാന്‍ മുന്നിലാണെന്ന അറിയിപ്പായിരുന്നു ലഭിച്ചത്'.

മഹാത്മാ ഗാന്ധിയെ കുറിച്ചും സവര്‍ക്കറെ കുറിച്ചുമുള്ള ചോദ്യത്തിന്, പ്രത്യയശാസ്ത്രമില്ലാതെ രാഷ്ട്രീയം സാധ്യമല്ലെങ്കിലും പ്രത്യയശാസ്ത്രത്തെക്കാള്‍ ആദര്‍ശവാദത്തിനായിരിക്കണം പ്രധാന്യമെന്നായിരുന്നു മറുപടി. മഹാത്മാ ഗാന്ധിയുടേയും സവര്‍ക്കറുടേയും പാതകള്‍ വ്യത്യസ്തമായിരുന്നെങ്കിലും അവരുടെ പ്രത്യയശാസ്ത്രം 'സ്വാതന്ത്ര്യം' ആയിരുന്നുവെന്നും മറുപടി.

'പ്രത്യയശാസ്ത്രത്തേക്കാള്‍ വളരെ പ്രധാനമാണ് ആദര്‍ശവാദം. പ്രത്യയശാസ്ത്രമില്ലാതെ രാഷ്ട്രീയം സംഭവിക്കില്ല. എന്നിരുന്നാലും, ആദര്‍ശവാദം വളരെ ആവശ്യമാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രത്യയശാസ്ത്രം സ്വാതന്ത്ര്യം ആയിരുന്നു. ഗാന്ധിയുടെ വഴി വ്യത്യസ്തമായിരുന്നു, പക്ഷേ, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം സ്വാതന്ത്ര്യം ആയിരുന്നു. സവര്‍ക്കര്‍ക്കും അദ്ദേഹത്തിന്റേതായ വഴിയുണ്ടായിരുന്നെങഅകിലും സ്വാതന്ത്ര്യം എന്നതായിരുന്നു പ്രത്യയശാസ്ത്രം'.

എല്ലാത്തിനേക്കാളും താന്‍ പ്രാധാന്യം നല്‍കുന്നത് രാഷ്ട്രത്തിനാണെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രം ആണ് എന്നും തന്റെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com