
മഹാകുംഭമേള മികച്ച വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ. പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലൂടെ ഭാരതത്തിൻ്റെ വിരാട രൂപം ലോകത്തിന് ദർശിക്കാനായിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രയാഗ്‌രാജിൽ കുംഭമേള വിജയകരമായി പൂർത്തിയാക്കിയതിന് രാജ്യത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ മോദി, മേള ആത്മീയതയുടെയും ഏകതയുടെയും പ്രതീകമെന്ന് സഭയിൽ പറഞ്ഞു.
യുവജനത ഭാരതത്തിൻ്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തി പിടിക്കുന്നു. കുംഭമേള ഏകതയുടെ അമൃതും രാജ്യത്തിന് ഒറ്റക്കെട്ടായി മുൻപോട്ട് പോകാനുള്ള ശക്തിയും നൽകി. നിരവധി പേരാണ് കുംഭമേള വിജയകരമായി പൂർത്തിയാക്കിയതിൽ വലിയ പങ്ക് വഹിച്ചത്. ഉത്തർ പ്രദേശിലെയും പ്രയാഗ്‌രാജിലെയും ജനങ്ങളോടും നന്ദി അറിയിക്കുന്നു. പുതിയ നേട്ടങ്ങൾ കൊയ്യാൻ രാജ്യത്തിന് പ്രചോദന നൽകുന്നതാണ് ഈ വിജയം. പുതിയ തലമുറയ്ക്ക് ജലസംരക്ഷണത്തിൻ്റെ പാഠങ്ങൾ കൂടി നൽകുന്നതാണ് ഈ വിജയമെന്നും നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കണക്കനുസരിച്ച് 662.1 മില്യൺ ജനങ്ങളാണ് മഹാ കുംഭമേളയിൽ പുണ്യസ്നാനത്തിന് എത്തിയത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടന്ന 45 ദിവസത്തെ ചടങ്ങിൽ വിദേശത്ത് നിന്ന് അടക്കമുള്ള സാധാരണക്കാരും പ്രമുഖരുമുൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തിരുന്നു.
മഹാകുംഭമേളയ്‌ക്കിടയിൽ വലിയ വിവാദങ്ങളും ഉണ്ടായിരുന്നു. ജനുവരി 29ന് രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയിലാണ് അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും 30 പേർ ത്രവേണി സംഗമത്തിനരികെ മരിച്ചത്. മരണസംഖ്യ സർക്കാർ മറച്ചുവെച്ചെന്നും, സുരക്ഷാ ക്രമീകരണങ്ങൾ പാളിയെന്നുമാണ് പ്രതിപക്ഷ വിമർശനം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കുംഭമേള യാത്രികർ അടക്കം നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആളപായമില്ലെങ്കിലും 5 തവണയാണ് പ്രയാഗ്‌രാജിൽ തീപിടുത്തമുണ്ടായത്.
കുംഭമേളയിലെ മലീമസമായ അന്തരീക്ഷവും വിമർശനങ്ങൾക്ക് വഴിവെച്ചു. കോടിക്കണക്കിന് വിശ്വാസികൾ പവിത്രമായി കരുതുന്ന ത്രിവേണി സംഗമത്തിൽ ഉൾപ്പടെ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം വർധിച്ചതായും, നദീജലം മലിനമാണെന്നും കേന്ദ്ര മലിനീകരണ ബോർഡ് തന്നെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇത് തള്ളിയെങ്കിലും, റിപ്പോർട്ടുകൾ സർക്കാരിന് എതിരായിരുന്നു.