ദ്വിദിന സന്ദർശനത്തിനായി ബ്രൂണെയിലെത്തി മോദി; ബുധനാഴ്ച ഹസ്സനൽ ബോൾകിയയുമായി ചർച്ച നടത്തും

ബോർണിയോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമായ ബ്രൂണെയിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
ദ്വിദിന സന്ദർശനത്തിനായി ബ്രൂണെയിലെത്തി മോദി; ബുധനാഴ്ച ഹസ്സനൽ ബോൾകിയയുമായി ചർച്ച നടത്തും
Published on

പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി ബ്രൂണെയിൽ എത്തി. കിരീടാവകാശി ഹാജി അൽ മുഹ്തദീ ബില്ലയാണ് വിമാനത്താവളത്തിലെത്തി നരേന്ദ്രമോദിയെ സ്വീകരിച്ചത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള പദ്ധതികളിൽ ചർച്ച നടത്തനാണ് മോദിയുടെ സന്ദർശനം. ഇന്ത്യ-ബ്രൂണെ നയതന്ത്രബന്ധം തുടങ്ങി 40 വർഷം തികയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ബോർണിയോ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമായ ബ്രൂണെയിലേക്ക് ഉഭയകക്ഷി സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ബ്രൂണെയിലെത്തിയ പ്രധാനമന്ത്രി ബന്ദർ സെരി ബെഗാവാനിലുള്ള ഒമർ അലി സൈഫുദ്ദീൻ പള്ളി സന്ദർശിച്ചു. ബ്രൂണെയിലെ മതകാര്യ മന്ത്രി പെഹിൻ ഡാറ്റോ ഉസ്താദ് ഹാജിയും ആരോഗ്യമന്ത്രി ഡാറ്റോ ഡോ. ഹാജി മുഹമ്മദ് ഇഷാമും പ്രദേശത്ത് സന്നിഹിതരായിരുന്നു. ബ്രൂണോയിലെ ഇന്ത്യക്കാരും മോദിയെ അഭിവാദ്യം ചെയ്യാനായി സ്ഥലത്തെത്തി.

1920-കളിൽ ബ്രൂണെയിൽ എണ്ണ കണ്ടെത്തിയതോടെയാണ് ഇന്ത്യക്കാർ രാജ്യത്തെത്തുന്നത്. നിലവിൽ, ഏകദേശം 14,000 ഇന്ത്യക്കാർ ബ്രൂണെയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രൂണെയുടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിലെയും വികാസത്തിലെയും ഇന്ത്യൻ ഡോക്ടർമാരുടെയും അധ്യാപകരുടെയും സംഭാവനകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രൂണെ സുൽത്താനും പ്രധാനമന്ത്രിയുമായ ഹസ്സനൽ ബോൾകിയയുമായി ബുധനാഴ്ച മോദി ചർച്ച നടത്തും. ബഹിരാകാശം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിലായിരിക്കും ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിൽ ബ്രൂണെയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ മേഖലയിൽ ഇരു കക്ഷികളും മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ട്. 2000-ൽ ഇന്ത്യ ബ്രൂണെയിൽ ഒരു ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് സ്റ്റേഷൻ സ്ഥാപിച്ചു. ഇത് വഴിയാണ് ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും വിക്ഷേപണങ്ങൾ രാജ്യം നിരീക്ഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com