"ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ തിരിക്കുന്ന അപകടകരമായ കളിയാണ് കോൺഗ്രസ് കളിക്കുന്നത്"

നവംബർ 20നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണല്‍.
"ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ തിരിക്കുന്ന അപകടകരമായ കളിയാണ് കോൺഗ്രസ് കളിക്കുന്നത്"
Published on

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്നുവെന്ന വിമർശനം ഉന്നയിച്ചായിരുന്നു മോദി പ്രചരണത്തിന് തുടക്കമിട്ടത്. മഹായുതി സഖ്യത്തെ വീണ്ടും തെരഞ്ഞെടുക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച മോദി, നിങ്ങൾ ഐക്യപ്പെട്ടാല്‍, നിങ്ങൾ സുരക്ഷിതരാണെന്നും പറഞ്ഞു.


"ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ തിരിക്കുന്ന അപകടകരമായ കളിയാണ് കോൺഗ്രസ് കളിക്കുന്നത്... ദളിതരോ പിന്നാക്കക്കാരോ ഗോത്രവർഗക്കാരോ ജീവിതത്തിൽ ഒരിക്കലും പുരോഗതി കാണണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല എന്നതിനാലാണ് ഈ കളി കളിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്‍റെ ചരിത്രം," നരേന്ദ്ര മോദി പറഞ്ഞു.

Also Read: "എൻ്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ"; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം എന്‍സിപി അജിത് പവാർ പക്ഷം, ബിജെപി എന്നിവരടങ്ങുന്ന മഹായുതിക്ക് മാത്രമേ മഹാരാഷ്ട്രയില്‍ വികസനം ഉറപ്പുനൽകാൻ സാധിക്കുവെന്നും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി നിലവിലുള്ള ക്ഷേമ നടപടികളും പദ്ധതികളും ഇല്ലാതാക്കുമെന്നും മോദി റാലിയില്‍ പ്രഖ്യാപിച്ചു.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി ശരദ് പവാർ വിഭാഗം, കോൺഗ്രസ് എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡിക്ക് (എംവിഎ)  മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് സൗഹാർദ്ദപരമായി സ്ഥാനാർഥികളെ നിശ്ചയിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്‌ച, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോൾ, 11 സീറ്റുകളിലേക്ക് എംവിഎ ഔപചാരികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. മറുവശത്ത് മഹഹായുതിയിലും സീറ്റ് വിഭജനം സുഗമമായിരുന്നില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും നാല് സീറ്റുകളില്‍ മഹായുതിയും ഔദ്യോഗിക സ്ഥാനാർഥകളെ പ്രഖ്യാപിച്ചിരുന്നില്ല.

എന്നാല്‍, സഖ്യത്തിനുള്ളിലെ അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള വാർത്തകള്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. സീറ്റ് വിഭജനം വിജയകരമായി പൂർത്തിയാക്കിയെന്നും എല്ലാ സീറ്റുകളിലേക്കും നാമനിർദേശ പത്രികകൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എംവിഎ സഖ്യ കക്ഷികള്‍ക്കിടയില്‍ 'തെറ്റിദ്ധാരണ' ഉണ്ടായിരുന്നതായി ചെന്നിത്തല അംഗീകരിച്ചു. എന്നാൽ ഇത്തരം അനിശ്ചിതത്വങ്ങള്‍ കാരണം സഖ്യത്തിനുള്ളില്‍ വിള്ളലുകൾ ഇല്ലെന്ന് രമേശ് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു.

Also Read: ആദിവാസി ഹൃദയഭൂമിയിൽ വിഭജന തന്ത്രം പയറ്റി ബിജെപി; കൊമ്പുകോർത്ത് ജാർഖണ്ഡ്-അസം മുഖ്യമന്ത്രിമാർ

നവംബർ 20നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണല്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com