"വികസനങ്ങൾ തടയുന്നതിൽ കോൺഗ്രസിന് ഡബിൾ പി.എച്ച്.ഡി"; പരിഹാസവുമായി നരേന്ദ്ര മോദി

മഹാരാഷ്ട്രയിലെ ചിമൂറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം
"വികസനങ്ങൾ തടയുന്നതിൽ കോൺഗ്രസിന് ഡബിൾ പി.എച്ച്.ഡി"; പരിഹാസവുമായി നരേന്ദ്ര മോദി
Published on

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം തടയുന്ന കാര്യത്തിൽ കോൺഗ്രസിന് ഡബിൾ പി.എച്ച്.ഡിയാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. മഹായുതിയുടെ കീഴിൽ സംസ്ഥാന വികസനത്തിന് ബിജെപി പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ചിമൂറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

"കഴിഞ്ഞ രണ്ടര വർഷത്തിനിടെ നിങ്ങളിവിടെ വികസനത്തിൻ്റെ ഇരട്ടി വേഗം കണ്ടു. ഇപ്പോൾ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹായുതി സർക്കാരിന് കീഴിൽ മഹാരാഷ്ട്രയിലെ വികസനത്തിന് പുതിയ രീതി ആവിഷ്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇത് വികസന കുതിപ്പുണ്ടാക്കും," പ്രധാനമന്ത്രി പറഞ്ഞു.

ചിമൂറിൻ്റെ തൊട്ടടുത്തുള്ള പ്രദേശമായ ചന്ദ്രപൂരിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ കോൺഗ്രസിനെതിരെയുള്ള പരിഹാസം. ഇവിടുത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു റെയിൽ കണക്ടിവിറ്റി. ഇത് അനുവദിക്കാതിരുന്നതിന് പിന്നിൽ കോൺഗ്രസാണെന്നും, അതിന് കാരണം വികസനം തടയുന്നതിൽ പാർട്ടി ഡബിൾ പി.എച്ച്.ഡി എടുത്തതിനാലാണെന്നും മോദി വിമർശിച്ചു. മഹാരാഷ്ട്രയിലെ അതിവേഗ വികസനം മഹാവികാസ് അഘാടിക്ക് എത്താൻ കഴിയാത്ത അത്ര ദൂരത്തിലാണെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.

കോൺഗ്രസിൻ്റെ പ്രചരണ ഗൂഢാലോചനയിൽ അകപ്പെടരുതെന്ന് പറഞ്ഞ മോദി, ആദിവാസി വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയാണ് പ്രസംഗം പൂർത്തിയാക്കിയത്. ആദിവാസി സമൂഹത്തെ ജാതീയമായി വിഭജിച്ച് അവരെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്, ആദിവാസി സമൂഹം ജാതീയമായി വേർപിരിഞ്ഞാൽ അതിൻ്റെ സ്വത്വവും ശക്തിയും തകരും. ഇതിനെ തകർക്കാൻ കോൺഗ്രസിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പ്രസംഗത്തിൽ മോദി പറഞ്ഞു. നവംബർ 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ നവംബർ 23ന് വോട്ടെണ്ണലും നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com