നരേന്ദ്ര മോദിക്ക് കുവൈറ്റ് സർക്കാരിൻ്റെ പരമോന്നത ബഹുമതി; മുബാറക്ക് അൽ കബീർ പുരസ്കാരം സമ്മാനിച്ച് കുവൈറ്റ് അമീര്‍

കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് നരേന്ദ്രമോദിക്ക് മുബാറക് അൽ-കബീർ പുരസ്കാരം സമ്മാനിച്ചത്
നരേന്ദ്ര മോദിക്ക് കുവൈറ്റ് സർക്കാരിൻ്റെ പരമോന്നത ബഹുമതി; മുബാറക്ക് അൽ കബീർ പുരസ്കാരം സമ്മാനിച്ച് കുവൈറ്റ് അമീര്‍
Published on



പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' നൽകി ആദരിച്ച് കുവൈറ്റ് സർക്കാർ. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സാബയാണ് മോദിക്ക് പുരസ്കാരം നൽകിയത്. ഇത് കുവൈറ്റിൽ നിന്ന് ഇന്ത്യക്ക് ലഭിച്ച ആദരവാണെന്ന് ബഹുമതി ലഭിച്ച ശേഷം മോദി പ്രതികരിച്ചു.


കുവൈറ്റിലെ ബയാൻ പാലസിൽ നടന്ന ചടങ്ങിലാണ് നരേന്ദ്രമോദിക്ക് മുബാറക് അൽ-കബീർ പുരസ്കാരം സമ്മാനിച്ചത്. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ സബാഹ്, കുവൈറ്റ് അമീര്‍, ഷെയ്ഖ് മെഷാൽ അൽ ജാബർ സബാഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 43 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. അതുകൊണ്ട് തന്നെ കുവൈറ്റ് ഭരണകൂടം മോദിക്ക് ആഘോഷപൂര്‍വമായ വരവേൽപ്പ് തന്നെയായിരുന്നു ഒരുക്കിയത്.

സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്ര തലവന്‍മാര്‍ക്കും രാജകുടുംബംഗങ്ങള്‍ക്കുമെല്ലാം കുവൈറ്റ് സമ്മാനിക്കുന്ന ബഹുമതിയാണ് മുബാറക് അല്‍ കബീര്‍. ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് എന്നിവർക്കും കുവൈറ്റ് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്. പുരസ്കാരം ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യ കുവൈറ്റ് സൗഹൃദത്തിനും സമർപ്പിക്കുന്നുവെന്നായിരുന്നു മോദിയുടെ പ്രസ്താവന.


കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബറിൻ്റെ ക്ഷണ പ്രകാരമാണ് മോദിയുടെ കുവൈറ്റ് സന്ദർശനം. പുതിയ കുവൈറ്റിനാവശ്യമായ വൈദഗ്ധ്യവും സാങ്കേതികവിദ്യയും മനുഷ്യ വിഭവ ശേഷിയും ഇന്ത്യയ്ക്കുണ്ടെന്നായിരുന്നു കുവൈറ്റിലെത്തിയ മോദിയുടെ പ്രസ്താവന. നയതന്ത്ര ബന്ധം കൊണ്ട് മാത്രമല്ല ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നത്, ഹൃദയങ്ങൾ കൊണ്ട് കൂടിയുമാണെന്നും മോദി വ്യക്തമാക്കി. നാഗരികതയുടെയും സമുദ്രത്തിൻ്റെയും വ്യാപാരത്തിൻ്റെയും ബന്ധമാണ് ഇന്ത്യയും കുവൈറ്റും തമ്മിലുള്ളത്. ഇരു രാജ്യങ്ങളും സ്ഥിതി ചെയ്യുന്നത് അറബിക്കടലിൻ്റെ രണ്ട് തീരത്താണ്. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് 4 മണിക്കൂറേയുള്ളു, എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇവിടെയെത്താൻ 4 ദശകങ്ങൾ വേണ്ടി വന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com