'മതപണ്ഡിതരുടെ ശാസനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നെന്നാണ് ചോദിച്ചത്, അതിൽ ഉറച്ച് നിൽക്കുന്നു'; മറുപടിയുമായി PMA സലാം

തങ്ങളെ കുറിച്ചല്ല, കൊഞ്ഞനം കുത്തിയവരെ കുറിച്ചായിരിക്കും ജിഫ്രി തങ്ങളുടെ പരാമർശമെന്ന് പറഞ്ഞ പി.എം.എ. സലാം, ആരും കൊഞ്ഞനം കുത്താൻ പാടില്ലെന്ന് പരിഹസിക്കുകയും ചെയ്തു
'മതപണ്ഡിതരുടെ ശാസനയിൽ വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നെന്നാണ് ചോദിച്ചത്, അതിൽ ഉറച്ച് നിൽക്കുന്നു'; മറുപടിയുമായി PMA സലാം
Published on

സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മത പണ്ഡിതർ പറയുന്ന മത ശാസനയിൽ, മത വിശ്വാസമില്ലാത്തവർ എന്തിന് ഇടപെടുന്നു എന്നാണ് താൻ ചോദിച്ചതെന്നും, ആ ചോദ്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും പി.എം.എ. സലാം പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ച മത വിധി കാന്തപുരം പറഞ്ഞപ്പോൾ പിന്തുണച്ചവർ, സമസ്ത പറഞ്ഞപ്പോൾ കൊഞ്ഞനം കാട്ടിയെന്നായിരുന്നു മുത്തുക്കോയ തങ്ങളുടെ പ്രസ്താവന.


മത ശാസന പറയുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്ന് പി.എം.എ. സലാം പറഞ്ഞു. താൻ രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് ഇക്കാര്യത്തിൽ രാഷ്ട്രീയം പറയും. തങ്ങളെ കുറിച്ചായിരിക്കില്ല, കൊഞ്ഞനം കുത്തിയവരെ കുറിച്ചായിരിക്കും ജിഫ്രി തങ്ങളുടെ പരാമർശമെന്ന് പറഞ്ഞ പി.എം.എ. സലാം, ആരും കൊഞ്ഞനം കുത്താൻ പാടില്ലെന്ന് പരിഹസിക്കുകയും ചെയ്തു.


മലപ്പുറം കൊണ്ടോട്ടിയിൽ നടന്ന സമസ്തയുടെ പരിപാടിയിലായിരുന്നു ജിഫ്രി തങ്ങൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയുള്ള പ്രസ്താവനയിൽ കാന്തപുരത്തെ പിന്തുണച്ച പി.എം.എ. സലാമിനെ വിമർശിച്ചത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ അതിൽ എന്തിനാണ് ഇടപെടുന്നതെന്നായിരുന്നു കാന്തപുരത്തെ പിന്തുണച്ചുകൊണ്ടുള്ള പി.എം.എ. സലാം ചോദ്യം. എന്നാൽ ഇതിന് പിന്നിൽ സ്വാർഥ താല്പര്യവും, രാഷ്ട്രീയ ലക്ഷ്യവുമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. മതവിധികളിൽ ഇത്തരം പിന്തുണ മാത്രം പോരെന്നും അത് നടപ്പിൽ വരുത്താനും ഇവർ ശ്രമിക്കണമെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

അതേസമയം സിപിഎമ്മിലെ വനിതാ പ്രാതിനിധ്യത്തെ വിമര്‍ശിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി. സ്ത്രീ പ്രാതിനിധ്യം ഒറ്റയടിക്ക് മാറുന്നതല്ലല്ലോ എന്നും മാറ്റത്തിനായി ശ്രമിക്കുകയാണെന്നും പി. മോഹനന്‍ പറഞ്ഞു. എം.വി. ഗോവിന്ദന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ 18 ഏരിയ സെക്രട്ടറിമാര്‍ ഉള്ളതില്‍ ഒരു സ്ത്രീ പോലും ഇല്ലെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം.

സ്ത്രീ പ്രാതിനിധ്യമില്ലാത്തത് പാര്‍ട്ടി തന്നെ ആത്മപരിശോധന നടത്തുന്ന വിഷയമാണ്. ജില്ലാ കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം പ്രതീക്ഷിക്കാമെന്നും പി. മോഹനന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും. കാന്തപുരം ആദരണീയനായ വ്യക്തിത്വമാണെന്നും കാന്തപുരത്തിന്റെ പ്രസ്ഥാനം സ്വീകരിക്കുന്ന നിലപാടുകള്‍ മത ധ്രുവീകരണ ശക്തികള്‍ക്ക് എതിരാണെന്നും പി. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com