
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസില്‍ സിഐഡി കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പോക്സോ വകുപ്പ് ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 17കാരിയായ തന്റെ മകളെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടിയെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2014 ഫെബ്രുവരി മാസത്തില്‍ ബെംഗളൂരുവിലെ ഡോളാര്‍ കോളനിയില്‍ വച്ച് മകള്‍ പീഡത്തിനിരയായെന്നും, യെദ്യൂരപ്പയാണ് പീഡിപ്പിച്ചതെന്നുമാണ് പരാതി. തുടര്‍ന്ന് ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് കേസെടുക്കുകയും പിന്നീട് ഡിജിപി ആലോക് മോഹന്റെ നിര്‍ദ്ദേശപ്രകാരം കേസ് സിഐഡിക്ക് കൈമാറുകയും ചെയ്തു.
യെദ്യൂരപ്പയെ ഈ കേസില്‍ സിഐഡി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസില്‍ പുരോഗതിയില്ലെന്ന് കാട്ടി ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ അടുത്തിടെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും, യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.