പോക്സോ കേസ് റദ്ദാക്കണം; യെദ്യൂരപ്പ ഹൈക്കോടതിയിൽ
തനിക്കെതിരെ ചുമത്തിയ ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഎസ് യെദ്യൂരപ്പ ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് അന്വേഷിക്കുന്ന കർണാടക സിഐഡി വിചാരണ കോടതിയായ ബെംഗളൂരു അതിവേഗ കോടതിയിൽ ഇന്നലെ വൈകീട്ട് കുറ്റപത്രം സമർപ്പിച്ചിരുന്നു. 750 പേജുള്ള കുറ്റപത്രത്തിൽ യെദ്യൂരപ്പ ഉൾപ്പെടെ നാലു പ്രതികളാണുള്ളത്.
2024 ഫെബ്രുവരിയിൽ യെദ്യൂരപ്പയുടെ വസതിയിൽ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മാർച്ച് 14നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധികം വൈകാതെ തന്നെ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കൈമാറി. എന്നാൽ യെദ്യൂരപ്പയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ കഴിഞ്ഞമാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടിരുന്നു.
കേസില്‍ പുരോഗതിയില്ലെന്ന് കാട്ടി ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്‍ അടുത്തിടെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും, യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.