
സംവിധായകൻ വി.കെ. പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയിൽ യുവതിയുടെ രഹസ്യമൊഴി എടുക്കാൻ കോടതിയെ സമീപിച്ച് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. രണ്ട് വർഷം മുൻപ് കഥ പറയാനെത്തിയപ്പോള്‍ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. അതേസമയം നടൻ ജയസൂര്യക്കെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.
കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് യുവ കഥാകാരിയുടെ പരാതി. എന്നാൽ ദുരനുഭവം നേരിട്ടത് ഏത് ഹോട്ടലിൽ നിന്നാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിൽ പരാതിക്കാരിയെ നേരിട്ട് എത്തിച്ചാകും വ്യക്തത വരുത്തുക. കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറുന്ന കാര്യത്തിലും ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.
രണ്ട് വര്‍ഷം മുന്‍പാണ് എഴുതിയ കഥ സിനിമയാക്കുന്നതിനായി പരാതിക്കാരി വി.കെ പ്രകാശിനെ സമീപിക്കുന്നത്. കഥയുടെ ത്രെഡ് കേട്ട ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സംവിധായകൻ ഇവരെ കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. കഥയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മദ്യം ഓഫര്‍ ചെയ്തു. അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും യുവതിയോട് സംവിധായകന്‍ ചോദിച്ചു. താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും രംഗം അവതരിപ്പിച്ച് കാണിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ യുവതി അസ്വസ്ഥയായി ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ച് സംഭവം പുറത്തു പറയാതിരിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തു. പിന്നാലെ മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ അയച്ചാതായുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയിരുന്നു.
അതേസമയം നടൻ ജയസൂര്യക്കെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി കോടതി തിങ്കളാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം ജെഎഫ്എംസി - 3 കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രഹസ്യ മൊഴിയെടുക്കാനായി നേരിട്ട് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒപ്പം ലൈംഗികാതിക്രമം നടന്ന സെക്രട്ടറിയേറ്റിൽ പരിശോധന നടത്താനായി അന്വേഷണസംഘം അനുമതി തേടി.