കൊല്ലത്ത് യുവാവിനെ പൊലീസ് മർദിച്ച സംഭവം: പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ചോറ്റാനിക്കര സിഐ; ഓഡിയോ സന്ദേശം പുറത്ത്

ബിനോദിനെ ക്രൂരമായി തല്ലിച്ചത് അന്വേഷിക്കുന്ന കാക്കാല സമുദായം കൊല്ലം ജില്ലാ സെക്രട്ടറി ദശരഥനും ചോറ്റാനിക്കര സി.ഐ. മനോജുമായുള്ള ഫോൺ സംഭാഷണമാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്
കൊല്ലത്ത് യുവാവിനെ പൊലീസ് മർദിച്ച സംഭവം: പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച് ചോറ്റാനിക്കര സിഐ; ഓഡിയോ സന്ദേശം പുറത്ത്
Published on


കൊല്ലം സ്വദേശി ബിനോദിന് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ബിനോദിനെ മർദിച്ചതിന് ആരോപണം നേരിടുന്ന സി.ഐ. മനോജ് പരാതി ഒത്തുതീർക്കാൻ ശ്രമിക്കുന്ന ഓഡിയോ സന്ദേശം പുറത്ത് വന്നു. ചികിത്സയ്ക്കായി പണം നൽകാമെന്നും സിഐ മനോജ് സന്ദേശത്തിൽ പറയുന്നു. ശരീരമാസകലം മുറിവേറ്റ് അവശനായ ബിനോദിൻ്റെ അവസ്ഥ പുറത്തെത്തിച്ചത് ന്യൂസ് മലയാളമായിരുന്നു. 



ബിനോദിനെ ക്രൂരമായി തല്ലിച്ചത് അന്വേഷിക്കുന്ന കാക്കാല സമുദായം കൊല്ലം ജില്ലാ സെക്രട്ടറി ദശരഥനും ചോറ്റാനിക്കര സി.ഐ. മനോജുമായുള്ള ഫോൺ സംഭാഷണമാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. ബിനോദിൻ്റെ ചികിത്സയ്ക്ക് പണം നൽകാമെന്നും വീട്ടിൽ നേരിട്ടെത്തി സംസാരിക്കാമെന്നും സി.ഐ. മനോജ് പറയുന്നു.

ഭാര്യയുടെ മാല കാണാനില്ലെന്ന പരാതിയിലാണ് ബിനോദിനെ പൊലീസ് തല്ലി ചതച്ചത്. മൃതപ്രായനായി കഴിയുന്ന ബിനോദ് മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, പട്ടികജാതി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ബിനോദിന് ചികിത്സക്ക് പണം വാഗ്ദാനം ചെയ്തത് എന്തിനാണെന്നുള്ള ചോദ്യത്തിന് സി.ഐ.യ്ക്ക് മറുപടിയില്ല. ഭാര്യയുടെ സഹോദരൻമാരാണ് ബിനോദിനെ മർദിച്ചതെന്ന വാദമാണ് സി.ഐ.ഉന്നയിക്കുന്നത്. അതേസമയം സഹോദരൻമാർ മർദിച്ചെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തങ്ങളുടെ പരാതിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ബിനോദിന്റെ കുടുംബം പറഞ്ഞു.


മാലയെടുത്തിട്ടില്ലെന്ന ബിനോദിൻ്റെ മറുപടിയിൽ തൃപ്തിയാകാത്ത സിഐ ക്രൂരമായി മർദിച്ചുവെന്നാണ് ബിനോദ് പറയുന്നത്. ദേഹമാസകലം അടിച്ച് പരിക്കേൽപ്പിച്ചു, ഉറക്കെ നിലവിളിച്ചപ്പോൾ ബൂട്ടിട്ട് ചവിട്ടി. കാലിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. ഈ സമയം ഭാര്യയും സ്റ്റേഷനിലുണ്ടായിരുന്നെന്ന് ബിനോദ് പറഞ്ഞു.അർദ്ധ ബോധാവസ്ഥയിലായ ബിനോദിനെ ചോറ്റാനിക്കരയിൽ താമസിച്ച വീട്ടിലെത്തിച്ച് വീണ്ടും പരിശോധന, പിന്നീട് ഫോൺ ഉൾപ്പെടെ പിടിച്ച് വച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നും ബിനോദ് പറയുന്നു.

മൃതപ്രായനായ ബിനോദിനെ കൊല്ലത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.ഇരു ചക്രവാഹനം വാങ്ങുന്നതിനെ ചൊല്ലി ഭാര്യയുമായുള്ള തർക്കമാണ് മോഷണ പരാതിയിലെത്തിയത്. എന്നാൽ മോഷണം പോയ മാല പിന്നീട് ചോറ്റാനിക്കരയിലെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതായി ബിനോദ് പറയുന്നു. ചോറ്റാനിക്കര സിഐയുടെ ക്രൂര മർദനത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെന്നാണ് ബിനോദിൻ്റെ അമ്മ പറയുന്നത്. അവശ നിലയിലായ ബിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനൊരുങ്ങുകയാണ് ബന്ധുക്കൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com