
ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി. അൻവർ എംഎൽഎക്കെതിരെ പൊലീസ് ആദ്യമായി കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസെടുത്തത്.
ഫോൺ ചോർത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപ ശ്രമം നടത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. ടെലി കമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, പി.വി. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച നിലമ്പൂരിലെ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അൻവറിനെതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിലായിരുന്നു വിദ്വേഷകരമായ മുദ്രാവാക്യമുയർന്നത്. കഴിഞ്ഞ ദിവസമാണ് അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി നിലമ്പൂര്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ടൗണിലും ജില്ലയിലെ മറ്റിടങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
'ഗോവിന്ദന്‍ മാഷൊന്ന് ഞൊടിച്ചാല്‍ കയ്യും കാലും വെട്ടിയെടുത്ത് പുഴയില്‍ തള്ളും', 'പൊന്നേയെന്ന് വിളിച്ച നാവില്‍ പോടായെന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്നത്. നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തില്‍ ഇരുന്നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അന്‍വറിന്‍റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.