
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് ക്ഷേത്ര ജീവനക്കാരെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ക്ഷേത്ര ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. സ്വർണം സൂക്ഷിച്ച ലോക്കർ ഉദ്യോഗസ്ഥരുടേയും ക്യാമറയുടെയും നിരീക്ഷണത്തിലായതിനാൽ തന്നെ പുറത്ത് നിന്ന് ആർക്കും മോഷ്ടിക്കാൻ സാധിക്കില്ലന്നാണ് പൊലീസ് നിഗമനം. കൂടുതൽ പോരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഫോർട്ട് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ചയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ മോഷണം പോയെന്ന വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിൻ്റെ ലോക്കറിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ലോക്കറിലെ കണക്കെടുപ്പിനിടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. അർധ സൈനീക വിഭാഗങ്ങളുടെ സുരക്ഷയിലുള്ള ക്ഷേത്രത്തിലാണ് മോഷണം ഉണ്ടായത്.
ക്ഷേത്രത്തിൻ്റെ ശ്രീകോവിലെ വാതിൽ പൂശാൻ വച്ച സ്വർണമാണ് നഷ്ടമായത്. ക്ഷേത്രം അധികൃതർ ഉടൻ തന്നെ സ്വർണം കാണാനില്ലെന്ന് കാണിച്ച് ഫോർട്ട് പൊലീസിൽ പരാതി നൽകി. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസറാണ് പരാതി നൽകിയത്.