വെബ് സീരിസിനെ പൊളിച്ചെഴുതി പൊലീസ്; 'കേരള ക്രൈം ഫയൽസി'ലെ യഥാർത്ഥ കുറ്റവാളി പിടിയിൽ

വെബ് സീരിസിനെ പൊളിച്ചെഴുതി പൊലീസ്; 'കേരള ക്രൈം ഫയൽസി'ലെ യഥാർത്ഥ കുറ്റവാളി പിടിയിൽ

2011ലെ ഈ കേസിനെ ആസ്പദമാക്കിയാണ് അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസ് പുറത്തിറങ്ങിയത്
Published on

അജു വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി അഹമദ് കബീര്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിന് ആസ്പദമായ 'റിയല്‍ ലൈഫ് സ്റ്റോറി'യിലെ യഥാർത്ഥ കുറ്റവാളി പിടിയിൽ. ബിജു എന്ന പേരുള്ള 44 വയസ്സുകാരനാണ് പിടിയിലായത്.

2011ൽ കച്ചേരിപ്പടി സ്വകാര്യ ലോഡ്ജിൽ സ്വപ്ന എന്ന ലൈംഗിക തൊഴിലാളി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബിജു. കേസിൻ്റെ വിചാരണ നടപടികൾ നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ബിജു പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടത്.

കേസിൻ്റെ വിചാരണ നടക്കാതായതോടെ കഴിഞ്ഞ ഒരു വർഷമായി കൊച്ചി നോർത്ത് പൊലീസിൻ്റെ തീവ്രമായ അന്വേഷണത്തിനൊടുവിലാണ് എറണാകുളം സൗത്ത് കെഎസ്ആർടിസി സ്റ്റേഷന് സമീപമുള്ള ചതുപ്പ് നിലത്തോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. എറണാകുളം നോർത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

2011ലെ ഈ കേസിനെ ആസ്പദമാക്കിയാണ് അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസ് പുറത്തിറങ്ങിയത്. ക്രൈം സീനിൽ നിന്ന് ആരംഭിക്കുന്ന ആദ്യ അധ്യായത്തിൽ തുടങ്ങി കുറ്റവാളിയിലേക്കെത്തുന്ന അവസാന എപ്പിസോഡ് വരെ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തുന്നുതാണ് കേരള ക്രൈം ഫയൽസിന്റ പ്രമേയം. ‘ഷിജു, പാറയിൽ വീട്, നീണ്ടകര’ എന്ന ഒരു മേൽവിലാസം മാത്രമാണ് പൊലീസിന് കുറ്റവാളിയിലേക്ക് എത്താനുള്ള ഏക സൂചനയായി വെബ് സീരീസിൽ കാണിക്കുന്നത്. എന്നാൽ അന്വേഷണത്തിൻ്റെ ഓരോ ഘട്ടത്തിലും കേസ് കൂടുതൽ സങ്കീർണമാകുകയും കുറ്റവാളിയിലേക്കുള്ള ദൂരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കടുപ്പം ഉള്ളതാകുകയും ചെയ്യുന്നതായുമാണ് ബാക്കി കഥ. ഒരു സെക്സ് വർക്കറോ ട്രാൻസ്ജെൻഡറോ മരിച്ചാൽ നമ്മുടെ നാട്ടിൽ അന്വേഷണത്തിനായി രാഷ്ട്രീയ സമ്മർദങ്ങള്‍ ഉണ്ടാകാറില്ലെന്ന ആരോപണം കൂടിയാണ് കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിൻ്റെ പ്രമേയം മുന്നോട്ട് വെച്ചത്. വെബ് സീരീസിൻ്റെ പ്രമേയത്തെ പൊളിച്ച് എഴുതുന്ന തരത്തിലാണ് ഏഴു വർഷത്തിനുശേഷം കേരള പൊലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്. അടുത്തമാസം റിലീസ് ആവാനിരിക്കുന്ന കേരള ക്രൈം ഫയൽസിന്റെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകരും.

News Malayalam 24x7
newsmalayalam.com