അവയവ കച്ചവടം; ഗൂഡാലോചന നടന്നത് ഒന്നാം പ്രതിയുടെ സ്ഥാപനമായ സ്റ്റെമ്മ ക്ലബിൽ, ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും. ഇപ്പോൾ ഹർജിക്കാരന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അവയവ കച്ചവടം;  ഗൂഡാലോചന നടന്നത് ഒന്നാം പ്രതിയുടെ  സ്ഥാപനമായ സ്റ്റെമ്മ ക്ലബിൽ, ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ
Published on

കൊച്ചിയിൽ അവയവ കച്ചവടക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. കേസിൽ ഗൂഡാലോചന നടന്നത് ഒന്നാം പ്രതി മധുവിൻ്റെ മെഡിക്കൽ-ട്രീറ്റ്മെന്‍റ് ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബിലെന്ന് പൊലിസ് ഹൈക്കോടതിയെ അറിയിച്ചു. സ്റ്റെമ്മ ക്ലബിന്‍റെ പേരിൽ പ്രതി സജിത്തിന് തുക കൈമാറിയതിന് രേഖയുണ്ടെന്നും, അവയവ റാക്കറ്റിന് രാജ്യാന്തര ബന്ധമുള്ളതിനാൽ വിപുലമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അവയവ കച്ചവടത്തിനായി ദാതാക്കളെ ഇറാനിലേക്ക് കടത്തുന്ന റാക്കറ്റിന് രാജ്യാന്തര ബന്ധമുണ്ടെന്നാണ് നെടുമ്പാശേരി പൊലീസ് കോടതിയിൽ നൽകിയ വിശദീകരണത്തിൽ പറയുന്നത്.

 കേസിലെ പ്രതി കൊച്ചി ചങ്ങമ്പുഴനഗർ സ്വദേശി സജിത്‌ ശ്യാം നൽകിയ ജാമ്യ ഹർജിയിലാണ് പൊലീസിന്‍റെ വിശദീകരണം. ഒന്നാം പ്രതി മധു ജയകുമാറിനും ഏജന്‍റുമാർക്കും അവയവം ദാനം ചെയ്യുന്നവർക്കുമിടയിൽ പ്രവർത്തിച്ചയാളാണ് സജിത് ശ്യാം. ബാങ്ക് രേഖകളും ഫോൺ വിശദാംശങ്ങളും പരിശോധിച്ചതിൽ നിന്ന് മധുവുമായുള്ള സജിതിന്‍റെ അടുത്ത ബന്ധം വ്യക്തമാകുന്നുണ്ട്. മധുവിൻ്റെ മെഡിക്കൽ-ട്രീറ്റ്മെന്‍റ് ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബിന്‍റെ പേരിൽ അജിതിന് തുക കൈമാറിയതിന് രേഖയുമുണ്ട്. 

 സ്റ്റെമ്മ ക്ലബിലാണ് ഇടപാടുമായി ബന്ധപ്പെട്ട ഗൂഡാലോചനകൾ നടന്നിരുന്നത്. വാടക കരാറിൽ സാക്ഷി ഹർജിക്കാരനാണെന്നതിൽ നിന്ന് ഇടപാടുകളെക്കുറിച്ച് ഹരജിക്കാരന് മൂൻകൂട്ടി അറിയാമായിരുന്നുവെന്ന് കരുതേണ്ടി വരും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും. ഇപ്പോൾ ഹർജിക്കാരന് ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. 

ഹർജിക്കാരൻ പുറത്തിറങ്ങിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നും. അതിനാൽ ജാമ്യം അുനുവദിക്കരുതെന്നുമാണ് റിപ്പോർട്ടിലെ ആവശ്യം. അതേസമയം, മധുവും താനും ബാല്യകാല സുഹൃത്തുക്കളാണെന്നാണ് ഹർജിക്കാരന്‍റെ ജാമ്യ ഹർജിയിലെ വാദം. ഒരു കമ്പനിയിൽ കുറച്ചുകാലം ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. എന്നാൽ അവയവക്കച്ചവടവുമായി തനിക്ക് ബന്ധമില്ലെന്നും, മധു ഇപ്പോൾ ഇന്ത്യയിലും ഇറാനിലും മെഡിക്കൽ ടൂറിസം ബിസിനസ് നടത്തുകയാണെന്നുമാണ് സജിത്ത് ഹർജിയിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com