കെനിയയിൽ പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിവെയ്പ്പ്; അഞ്ച് മരണം

പുതിയ ധനകാര്യ ബില്ലിനെതിരെയാണ് കെനിയക്കാർ സമരം ചെയ്യുന്നത്
കെനിയയിൽ പ്രക്ഷോഭകർക്ക് നേരെ പൊലീസ് വെടിവെയ്പ്പ്; അഞ്ച് മരണം
Published on

കെനിയൻ പാർലമെൻ്റിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രകടനക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ജനപ്രീതിയില്ലാത്ത നികുതി നിർദേശങ്ങൾ അവതരിപ്പിക്കുന്ന പുതിയ ധനകാര്യ ബില്ലിനെതിരെയാണ് കെനിയക്കാർ സമരം ചെയ്യുന്നത്. പാർലമെൻ്റ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാനുള്ള പ്രതിഷേധക്കാരുടെ ശ്രമത്തെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഉയർന്ന ജീവിതച്ചെലവിൽ ഇതിനോടകം തന്നെ പെടാപ്പാടു പെടുന്ന ജനങ്ങൾക്ക് പുതിയ ബിൽ കനത്ത പ്രഹരമാണെന്നാണ് സമരക്കാർ പറയുന്നത്. അതേസമയം ബില്ലിലെ വിവാദമായ ചില പരാമശങ്ങൾ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചെങ്കിലും മുഴുവൻ ബില്ലും റദ്ദാക്കണമെന്ന ആവശ്യം കണക്കിലെടുത്തിട്ടില്ല.

കോവിഡ്-19 പാൻഡെമിക്കിൻ്റെ പ്രത്യാഘാതങ്ങൾ, യുക്രെയ്‌ൻ യുദ്ധം, തുടർച്ചയായ രണ്ട് വർഷത്തെ വരൾച്ച, കറൻസിയുടെ മൂല്യത്തകർച്ച എന്നിവ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിൽ വലയുകയാണ് കെനിയക്കാർ. ഇതിനകം തന്നെ കൂടിയ ജീവിതച്ചെലവിൽ നട്ടം തിരിയുന്ന ജനങ്ങളെ നികുതി വർധനവിലൂടെ വീണ്ടും ഉപദ്രവിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും, പ്രസിഡൻ്റ് വില്യം റൂട്ടോ സ്ഥാനം ഒഴിയണമെന്നും, എല്ലാ എംപിമാരും രാജിവച്ച് പാർലമെൻ്റ് അടച്ചുപൂട്ടണമെന്നും സമരക്കാർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com