മലപ്പുറം പ്രത്യേക രാജ്യമെന്ന പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം

യൂത്ത് ലീഗ്, എസ്ഡിപിഐ പോലുള്ള വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എടക്കര പൊലീസ് നിയമോപദേശം തേടിയത്.
മലപ്പുറം പ്രത്യേക രാജ്യമെന്ന പരാമര്‍ശം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
Published on


മലപ്പുറത്തെ വെള്ളാപ്പള്ളി നടേശന്‍റെ വിവാദപ്രസംഗത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസിന് നിയമപദേശം. ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. എടക്കര പൊലീസിന് മാത്രം എട്ടോളം പരാതികള്‍ ലഭിച്ചിരുന്നു. യൂത്ത് ലീഗ്, എസ്ഡിപിഐ പോലുള്ള വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എടക്കര പൊലീസ് നിയമോപദേശം തേടിയത്.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട് എന്നാല്‍ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.

നിരവധിപ്പേരാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ചത്. വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് പറയാന്‍ പറ്റുന്ന വാക്കുകള്‍ അല്ല വെള്ളാപ്പള്ളി പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

പ്രസംഗത്തെ വളച്ചൊടിച്ചെന്ന വിശദീകരണവുമായി പിന്നീട് വെള്ളാപ്പള്ളിയും പ്രതികരിച്ചിരുന്നു. മലപ്പുറത്തെ ഈഴവരുടെ പിന്നാക്കാവസ്ഥയെ കുറിച്ചാണ് പ്രസംഗിച്ചത്. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ലീഗ് ശ്രമം നടത്തി. മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നരെന്നുമായിരുന്നു ന്യായീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com