കോട്ടയത്ത് യുവതിക്ക് നേരെ കൂട്ടബലാത്സംഗമെന്ന പേരിൽ പ്രചരിച്ച വീഡിയോ വ്യാജം; ഉറവിടം കണ്ടെത്തി പൊലീസ്

കാറിനുള്ളിൽ ആൺകുട്ടികൾ തമ്മിൽ ഇക്കിളി കൂട്ടി കളിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോയാണ് ബലാത്സംഗശ്രമം എന്ന രീതിയിൽ പ്രചരിച്ചത്.
കോട്ടയത്ത് യുവതിക്ക് നേരെ കൂട്ടബലാത്സംഗമെന്ന പേരിൽ പ്രചരിച്ച വീഡിയോ വ്യാജം; ഉറവിടം കണ്ടെത്തി പൊലീസ്
Published on
Updated on

കോട്ടയത്ത് യുവതിക്ക് നേരെ കൂട്ട ബലാത്സംഗശ്രമം എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് കണ്ടെത്തി പൊലീസ്. കാറിനുള്ളിൽ ആൺകുട്ടികൾ തമ്മിൽ ഇക്കിളി കൂട്ടി കളിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോയാണ് ബലാത്സംഗശ്രമം എന്ന രീതിയിൽ പ്രചരിച്ചത്. വീഡിയോയുടെ ഉറവിടവും പൊലീസ് കണ്ടെത്തി.


ഇൻസ്റ്റാഗ്രാം, എക്‌സ്, ഫേസ്ബുക്ക് ഹാൻഡിലുകളിലൂടെയാണ് വ്യാജവീഡിയോ പ്രചരിച്ചത്. കോട്ടയം നഗരത്തിന്റെ മൂന്നു കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്ത്, യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. "കാറിനുള്ളിൽ യുവതിയെ ഒന്നിലധികം ആളുകൾ ഉപദ്രവിക്കുന്നു. യുവതിയുടെ നിലവിളി ശബ്ദവും കേൾക്കാം"-ഇതായിരുന്നു പോസ്റ്റിന് കീഴിലെ കുറിപ്പ്.

നിമിഷങ്ങൾക്കകം നിരവധി ആളുകൾ പോസ്റ്റ് ഷെയർ ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സൈബർ സെൽ വിഭാഗം സംഭവം അന്വേഷിച്ചു. പ്രചരിച്ച സമൂഹമാധ്യമ പോസ്റ്റുകളിൽ സത്യാവസ്ഥ ഇല്ലെന്ന് സൈബർ പൊലീസ് കണ്ടെത്തി.


ആൺകുട്ടികൾ തമ്മിൽ ഇക്കിളിയിട്ട് തമാശരൂപേണ എടുത്ത വീഡിയോ ആണ് വ്യാജമായി പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോയുടെ ഉറവിടവും പൊലീസ് കണ്ടെത്തി. വീഡിയോയിൽ ഉൾപ്പെട്ട കുട്ടികളെ സമീപിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സമൂഹമാധ്യമങ്ങളിൽ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യാനും നടപടി എടുത്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com