
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയതിൽ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പൊലീസ്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം നോർത്ത് പൊലീസ് തയാറാക്കിയത്. റെയ്ഡ് നടന്ന രാത്രി ഉണ്ടായ സംഭവങ്ങൾ ഇഴകീറി പരിശോധിക്കും. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സമീപ കാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. അടുത്തിടെ നടൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസിന് കൈമാറി.
സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഇന്ന് ഹാജരാകുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ചോദ്യാവലി തയാറാക്കിയത്. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട് നടന് കഴിഞ്ഞ ദിവസമാണ് പൊലീസ് നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഷൈൻ ടോം ചാക്കോ സ്റ്റേഷനില്‍ എത്തുമെന്ന് പിതാവ് പി.സി. ചാക്കോ അറിയിച്ചിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.