
പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആണ് പൊലീസ് നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ വാഹനം മാറി കയറിയ സ്ഥലത്തേയും, കോഴിക്കോട് ഹോട്ടലിലേയും ദൃശ്യങ്ങളുൾപ്പെടെ പൊലീസ് ശേഖരിക്കും. ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞദിവസമാണ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ എസ്പി നിർദേശം നടത്തിയത്. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. കള്ളപ്പണം വന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
നവംബർ 6 നാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. കുഴൽപ്പണം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ പണമെത്തിയെന്നും ആരോപണം ഉയർന്നിരുന്നു. പരിശോധനയ്ക്കിടെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
കൂടാതെ ഹോട്ടലിന് പുറത്ത് ബിജെപി-സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെ പരിസരം സംഘർഷ ഭൂമിയായിരുന്നു. ഹോട്ടലിലെ 12 മുറികളിലായി നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്‌പി അശ്വനി ജി.ജി. അറിയിച്ചിരുന്നു. എല്ലാ ആഴ്ചയും തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയാണിത്. ഈ ഹോട്ടൽ മാത്രല്ല പല ഹോട്ടലുകളിലും കഴിഞ്ഞ ആഴ്ചകളിലടക്കം പരിശോധന നടത്തിയിട്ടുണ്ടെന്നും എ.എസ്.പി വ്യക്തമാക്കിയിരുന്നു.