
പീഡനപരാതിയിൽ നടൻ നിവിൻ പോളിയെ പൊലീസ് ചോദ്യം ചെയ്തു. ഗൂഢാലോചന ആരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം നടൻ്റെ മൊഴിയെടുത്തു. ആലുവയിലെ നടിക്കെതിരായ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
ലഹരി മരുന്ന് നൽകി തുടർച്ചയായി 3 ദിവസം ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ എടുത്ത കേസിലാണ് നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. നിവിനെ വിളിച്ച് വരുത്തി അന്വേഷണം സംഘം ചോദ്യം ചെയ്യുകയായിരുന്നു. തനിക്ക് കേസിൽ പങ്കില്ലെന്നും യുവതിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും നിവിൻ അന്വേഷണ സംഘത്തെ അറിയിച്ചു.
അതേ സമയം, തനിക്കെതിരായ കേസിൽ ഗൂഡാലോചന ആരോപിച്ച് നിവിൻ നൽകിയ പരാതിയിലും അന്വേഷണ സംഘം മൊഴിയെടുത്തു. ഇതിനിടെ ആലുവയിലെ നടിക്കെതിരായ പോക്സോ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. നടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് അന്വേഷണസംഘം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നടിയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മൂവാറ്റുപുഴ പൊലീസ് നടിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മലയാള സിനിമയിലെ ലൈംഗിക അതിക്രമ കേസുകളിൽ അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കി. ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഉടൻ സമർപ്പിക്കും