
വയനാട് മാനന്തവാടിയിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ചട്ട പ്രകാരം അലോപ്പതി ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ട മരണസർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടർ. മൃതദേഹം കൊണ്ടുപോകാൻ പൊലീസ് നൽകിയത് തീയതി പോലും രേഖപ്പെടുത്താത്ത എൻഒസിയെന്നും കണ്ടെത്തൽ.
ഒരു വിദേശ പൗര മരണപ്പെട്ടാൽ സ്വീകരിക്കേണ്ട നിയമ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് മൃതദേഹം എംബാം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയത്. റീജിയണൽ ഫോറിൻ രജിസ്ട്രേഷൻ ഓഫീസിലും മരണവുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിൽക്കുകയാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വീഴ്ച്ചയുണ്ടായി എന്നാണ് ആരോപണം.
മാനന്തവാടിയിൽ രണ്ടുമാസം മുൻമ്പാണ് കാൻസർ രോഗിയായ കാമറൂൺ യുവതി ചികിത്സയ്ക്ക് എത്തിയത്. യുവതി മരിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടും യാതൊരു ഔദ്യോഗിക നടപടിക്രമങ്ങളും സ്വീകരിക്കാതെയാണ് സ്വകാര്യ ആംബുലൻസിലെ ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചത്. വിദേശ നിയമപരമായ യാതൊരു മാനദണ്ഡങ്ങളും യുവതിയുടെ മരണത്തിൽ സ്വീകരിച്ചിരുന്നില്ല.
എംബിബിഎസ് ഡോക്ടർ ആണ് സാധാരണ രീതിയിൽ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത്. ശേഷം പൊലീസിന്റെ സാന്നിധ്യത്തിൽ പ്രത്യേകം ഫ്രീസറിൽ സൂക്ഷിക്കാൻ മൃതദേഹം കൈമാറുകയും ചെയ്യണം. എന്നാൽ യുവതിയുടെ മരണം സ്ഥിരീകരിച്ചത് ആയുർവേദ ചികിത്സ കേന്ദ്രത്തിലെ ആയുർവേദ ഡോക്ടർ ആണ്.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ മാനന്തവാടി എഎസ്പി തിരുനെല്ലി എസ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ 27 നാണ് യുവതിയുടെ മൃതദേഹം കോഴിക്കോട് വെച്ച് എംബാം ചെയ്ത് ബെംഗ്ലൂരിലേക്ക് കൊണ്ടുപോയത്. തുടർന്ന് മുതദേഹം ഡൽഹിക്കും കൊണ്ട് പോയിരുന്നു. വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.