എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ നീക്കം? കണ്ണൂർ കമ്മീഷണർ നിയമോപദേശം തേടിയെന്ന് സൂചന

കൂടാതെ വിവാദ പെട്രോൾ പമ്പിലെ ബിനാമി ഇടപാട് ആരോപണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ നീക്കം? കണ്ണൂർ കമ്മീഷണർ നിയമോപദേശം തേടിയെന്ന്  സൂചന
Published on

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണവിധേയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് സൂചന. കണ്ണൂർ കമ്മീഷണർ പബ്ലിക് പ്രോസിക്യുട്ടറുമായി കൂടിക്കാഴ്ച നടത്തിയെന്നും നിയമോപദേശം തേടിയെന്നുമാണ് ലഭ്യമാകുന്ന വിവരം. അന്വേഷണത്തിന് കമ്മീഷണറെ തലവനാക്കി പുതിയ സംഘത്തെയും നിയമിച്ചിട്ടുണ്ട്. സംഘത്തിൽ ആറ് അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. 


വിവാദ പെട്രോൾ പമ്പിലെ ബിനാമി ഇടപാട് ആരോപണത്തിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ടി.വി. പ്രശാന്തിൻ്റെ ഭാര്യാ സഹോദരൻ്റെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പി.പി. ദിവ്യക്കെതിരായ പൊലീസ് നടപടി വൈകുന്നുവെന്ന ആരോപണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ നടപടി.

അതേസമയം പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പറയും. യാത്രയയപ്പ് ചടങ്ങിൽ ആത്മഹത്യക്ക് കാരണമാകുന്ന പരാമർശങ്ങൾ ഇല്ലെന്ന് ദിവ്യ കോടതിയിൽ വാദിച്ചു. പൊതുപ്രവർത്തക എന്ന നിലയിൽ അഴിമതിക്കെതിരായ നിലപാടിൻ്റെ ഭാഗമായാണ് നവീൻ ബാബുവിനെതിരായ ആരോപണം പരസ്യമായി ഉന്നയിച്ചതെന്നും പി.പി. ദിവ്യ പറഞ്ഞു.


പ്രശാന്തൻ്റെയും ഗംഗാധരൻ്റെയും പരാതികൾ മുന്നിലുണ്ട്. അതിൽ യാഥാർഥ്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടത് പൊലീസും മറ്റ് സംവിധാനങ്ങളുമാണ്. നവീൻ ബാബുവിനെതിരെ സംസാരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് താൻ തന്നെയാണ്. അഴിമതി കാണിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു ലക്ഷ്യം. താൻ പറഞ്ഞ കാര്യങ്ങൾ ജനങ്ങളും അറിയണം. രണ്ട് ദിവസത്തിനുള്ളിൽ സത്യാവസ്ഥ പുറത്ത് വരും എന്ന് പറഞ്ഞത് എങ്ങനെ ആത്മഹത്യക്ക് കാരണമാകുമെന്നും ദിവ്യ ചോദിച്ചു. കളക്ടർ വിളിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിൽ പോയതെന്ന വാദവും ദിവ്യ കോടതിയിൽ ആവർത്തിച്ചിരുന്നു. 


ദിവ്യയുടെ വാദങ്ങളെ പ്രോസിക്യുഷൻ ശക്തമായി എതിർത്തു. ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അജിത് കുമാർ വാദിച്ചു. യാത്രയയപ്പ് യോഗത്തിൽ ഉന്നയിച്ച അഴിമതി ആരോപണം രാവിലെ നടന്ന യോഗത്തിൽ ദിവ്യ പറഞ്ഞിരുന്നെന്നും ഇത് ഉന്നയിക്കേണ്ട സ്ഥലമല്ല യാത്രയയപ്പ് പരിപാടി എന്ന് കളക്ടർ ഓർമിപ്പിച്ചിരുന്നെന്നും പ്രോസിക്യുഷൻ ചൂണ്ടിക്കാട്ടി. ദിവ്യ പറഞ്ഞ പ്രശാന്ത്, ഗംഗധരൻ എന്നിവരുടെ അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രോസിക്യുഷൻ വാദിച്ചു.


പത്താം തരത്തിൽ പഠിക്കുന്ന മകളും രോഗിയായ പിതാവും ഉണ്ടെന്നും സ്ത്രീയെന്ന പരിഗണന നൽകി ജാമ്യം വേണമെന്നുമാണ് ദിവ്യ കോടതിയിൽ പറഞ്ഞത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറെന്നും ദിവ്യയുടെ അഭിഭാഷകൻ അറിയിച്ചു. ദിവ്യക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോൾ ജാമ്യം നിഷേധിക്കുന്നത് അഴിമതിക്കെതിരെ പ്രതികരിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്ന് പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.


ഉന്നതതല അന്വേഷണത്തിൻ്റെ ഭാഗമായി കളക്ടർ അരുൺ കെ.വിജയന്റെയും, കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെയും, വിവാദ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്ത ജീവനക്കാരുടെയും ഉൾപ്പെടെ മൊഴിയെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com