
ഡിവൈഎഫ്ഐ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുമായി എഎസ്ഐയുടെ ടൂറും ആഘോഷവും. ഫോട്ടോയും വീഡിയോയും വൈറലായി മാസങ്ങൾക്കു ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്.ആലപ്പുഴയിലെ ഡിവൈഎഫ്ഐ പ്രദേശിക നേതാവായ ഗിരീഷിനെ വധിക്കാൻ ശ്രമിച്ച് കേസിലെ പ്രതിയോടൊപ്പം ചേർന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ്റെ അഘോഷം.
11 വർഷം മുൻപായിരുന്നു ഡിവൈഎഫ്ഐ നേതാവ് ഗിരീഷിനെതിരായ വധശ്രമം. ആലപ്പുഴ ബൈപ്പാസിൽ വച്ചാണ് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ചത്.പിന്നിൽ ഇരവുകാട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കൊട്ടേഷൻ സംഘവും. കേസിലെ മൂന്നാം പ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് എ.എസ്.ഐ ശ്രീനിവാസൻ ആഘോഷം നടത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീനിവാസൻ. കേസിൽ മാസങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഉണ്ണിയുൾപ്പെടെയുള്ള പ്രതികളെ പതിനൊന്നരവർഷം ശിക്ഷിച്ചിരുന്നു.കേസിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനൊപ്പമുള്ള ആഘോഷം നടത്തിയത്.
ആലപ്പുഴയിലെ ഒരു വീട്ടിലും ജില്ലയ്ക്ക് പുറത്തെ സുഖവാസ കേന്ദ്രത്തിലും പ്രതികൾ പാട്ടും മേളവും മദ്യപാനവുമായി ഒത്തുകൂടുകയായിരുന്നു. റൂമിനുള്ളിൽ ഉണ്ണിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം എ.എസ്.ഐ ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. ശ്രീനിവാസൻ്റെ ക്രിമിനൽ ബന്ധങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല.മാർച്ചിലെ ആഘോഷത്തിന്റെ വിവരങ്ങൾ ഉന്നത പൊലീസുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന് തീരുമാനിച്ചത്.
ക്രിമിനൽ ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും ശ്രീനിവാസൻ്റെ കാര്യത്തിലുള്ള മെല്ലെപ്പോക്ക് വിവാദമായിട്ടുണ്ട്. എറണാകുളത്തെ ഗുണ്ടാത്തലവൻ്റെ വീട്ടിലെ സൗഹൃദ സന്ദർശനത്തിനെത്തിൻ്റെ പേരിൽ രഹസ്യാന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്തിരുന്നു. പിന്നാലെയാണ് എഎസ്ഐയുടെ ആഘോഷവും സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്നത്.