മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്
ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് എംഎൽഎയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണസംഘം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകും.
മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും. ബലാത്സംഗക്കുറ്റമാണ് പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നാണ് അന്വേഷണസംഘത്തിൻ്റെ ആവശ്യം. അഡ്വ. ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്നാവശ്യപ്പെട്ടും സത്യവാങ്മൂലം നൽകുമെന്ന് എസ്ഐടി പറഞ്ഞു. ആലുവ സ്വദേശിനിയുടെ പരാതിയിലാണ് ഇരുവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൂടാതെ ജയസൂര്യ, ഇടവേളബാബു, മണിയൻപിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിൾ, വിച്ചു എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
സിനിമാ ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും നിര്‍മാതാവുമായ അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.ബലാത്സംഗ വകുപ്പ് അടക്കമാണ് ചുമത്തിയത്. നടിയുടെ ആരോപണത്തിനു പിന്നാലെ, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു ചന്ദ്രശേഖരന്‍ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു.