
വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നേരിട്ട ഭയാനകമായ അനുഭവം പങ്കുവയ്ക്കുകയാണ് പൊലീസ് ഫോട്ടോഗ്രാഫർ മിഥുൻ വിനോദ്. ഇൻക്വസ്റ്റ് നട പടികൾക്കായി നിരവധി മൃതദേഹങ്ങളുടെ ചിത്രങ്ങളാണ് മിഥുന് ഇതിനോടകം പകർത്തേണ്ടി വന്നത്. വയനാട്ടിൽ ജോലി ചെയ്യാൻ ഒരുപാട് ആഗ്രഹച്ചിരുന്നെങ്കിലും, ആദ്യ നിയോഗം തന്നെ സമാനതകളില്ലാത്ത ദുരന്തത്തിൻ്റെ ഭാഗമാകുകയായിരുന്നുവെന്നത് നടുക്കത്തോടെയാണ് വിനോദ് ഓർക്കുന്നത്.
പുൽപ്പള്ളി സ്വദേശിയായ മിഥുൻ വിനോദ് വയനാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏഴ് വർഷമായി കേരള പൊലീസിൽ ഫോട്ടോഗ്രാഫർ ആയിട്ട്. സർവീസിൽ കയറിയ ശേഷം വയനാട്ടിൽ എത്തുന്നത് ആദ്യമാണ്. ഒരുപാട് ആഗ്രഹിച്ചതുമാണ് ജില്ലയിൽ ജോലി ചെയ്യാൻ. പക്ഷെ പ്രകൃതി നാശം വിതച്ച ദുരന്ത ഭൂമിയിലെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്താനായിരുന്നു ആദ്യ നിയോഗമെന്നത് മിഥുനെ ഏറെ വേദനിപ്പിച്ചു. താൻ ഏറെ സ്നേഹിച്ച മണ്ണിൽ കണ്ട കാഴ്ചകൾ ഒന്നും അത്ര സന്തോഷമുള്ളതായിരുന്നില്ലെന്നത് നടുക്കത്തോടെ മാത്രമേ മിഥുന് ഓർത്തെടുക്കാനാവൂ.
ഇൻക്വസ്റ്റ് നടപടികൾക്ക് വേണ്ടി ആദ്യ ദിവസം തന്നെ നൂറിലധികം മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്തേണ്ടി വന്നു. പിന്നീടങ്ങോട്ട് എണ്ണം കൂടി കൂടി വന്നു. ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ വയനാടിൻ്റെ പ്രകൃതി ഭംഗിയെ വെല്ലാൻ ഒരു നാടും ഇല്ലെന്ന് ഇടക്കിടെ അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു മിഥുൻ.എന്നാൽ ഇദ്ദേഹത്തിന് ഇന്ന് വയനാട് ഉള്ളുലയ്ക്കുന്ന ഫ്രെയിമാണ്.