
കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്നും ഇന്ധനം ചോർന്ന സംഭവത്തിൽ എച്ച്പിസിഎല്ലിനെതിരെ പൊലീസ് കേസെടുത്തു. കൗൺസിലറായ മനോഹരൻ മാങ്ങാറിയിൻ്റെ പരാതിയിൽ എലത്തൂർ പൊലീസ് ആണ് കേസ് എടുത്തത്. ഇത് സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നൽകുമെന്നും പൊലീസ് അറിയിച്ചു. ഇന്ധനം ചോർച്ചയിൽ ആദ്യമായാണ് പൊലീസ് കേസ് എടുക്കുന്നത്.
സംഭവത്തിൽ കമ്പനിക്കെതിരെ നേരത്തെ ഫാക്ടറീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചിരുന്നു. കമ്പനിയിലെ സെൻസർ സംവിധാനം തകരാറിലായതാണ് പ്രശ്നത്തിന് കാരണം. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തുമെന്നും ഏതൊക്കെ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. ഇന്ധന ചോർച്ചയിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ അനിത കുമാരിയും പറഞ്ഞിരുന്നു.
ഡിസംബർ നാലിന് വൈകീട്ടോടെയാണ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പ്രെട്ടോളിയം ലിമിറ്റഡിൽ നിന്നും പുറത്തെക്ക് ഓവുചാലിലേക്ക് ഡീസൽ ഒഴുകിയെത്തിയത്. 25 ഓളം ഡ്രമ്മുകളിൽ ആക്കിയാണ് ഡീസൽ മാറ്റിയത്. ഇതിന് മുൻപും ഇത്തരത്തിൽ ചോർച്ച ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നതയാണ് നാട്ടുകാരുടെ പരാതി. പ്രശ്‌നത്തിൽ ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.