ബാലരാമപുരം സമാധി കേസ്: നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്

ഈ സ്ഥലം പൊളിച്ചു നീക്കി കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം
ബാലരാമപുരം സമാധി കേസ്: നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്
Published on


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായെന്ന് അവകാശപ്പെട്ട് മകൻ മറവ് ചെയ്ത ഗോപൻ സ്വാമിയുടെ മരണത്തിൽ പൊലീസ് കേസെടുത്തു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്ലാബിട്ട് മറവ് ചെയ്തെന്ന് മകൻ പറഞ്ഞ സ്ഥലത്ത് ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ സ്ഥലം പൊളിച്ചു നീക്കി കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞദിവസം രാവിലെയാണ് ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ നാട്ടുകാർ കണ്ടത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍. എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. ദുരൂഹത തോന്നിയാണ് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും നാട്ടുകാർ വിവരം അറിയിക്കുന്നത്.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ പൂജാകര്‍മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധി പണിയുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അച്ഛന്‍ കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയതെന്ന വിശദീകരണമാണ് മകന്‍ രാജസേനന്. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ല. മരിച്ച വിവരം സമാധിക്ക് ശേഷം മാത്രം നാട്ടുകാരെ അറിയിക്കണമെന്നും അച്ഛന്‍ പറഞ്ഞതായാണ് മകന്‍ പറയുന്നത്.

രാജസേനന് പുറമെ സഹോദരനും അമ്മയും മരുമകളുമാണ് വീട്ടിലുള്ളത്. നാലു പേര്‍ക്കും ഗോപന്‍ സ്വാമിയുടേത് മരണമല്ലെന്നും സമാധിയാണെന്നുമുള്ള വാദമാണ്. വീടിന് മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാരുമായും പലവട്ടം വാക്കുതര്‍ക്കമുണ്ടായി.

ഗോപന്‍ സ്വാമി എങ്ങനെ മരിച്ചു, മകന്‍ മരണം സ്ഥിരീകരിച്ച് സംസ്‌കാരം നടത്തുകയായിരുന്നോ എന്നതൊക്കെയാണ് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍. മറ്റാരും പരാതി നല്‍കാതിരുന്നതോടെ നാട്ടുകാര്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com