ലൈംഗികപീഡന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

ശ്രീകുമാര്‍ മേനോന്‍ പരസ്യചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ പരാതി
ലൈംഗികപീഡന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
Published on


സംവിധായകൻ ശ്രീകുമാർ മേനോനെതിരായ ഈരാറ്റുപേട്ട സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി മരട് പൊലീസാണ് ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ്. ഇ-മെയിൽ വഴിയായിരുന്നു യുവതി സംവിധായകനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്.

പരസ്യചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വിളിച്ചതെന്ന് പരാതിയില്‍ യുവതി പറയുന്നു. ചിത്രവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയണമെങ്കിൽ എറണാകുളത്തെ ക്രൗണ്‍ പ്ലാസയില്‍ എത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. വിഷയങ്ങള്‍ സംസാരിച്ച് തിരിച്ചിറങ്ങുമ്പോള്‍ സംവിധായകൻ കൈയ്യില്‍ പിടിച്ചുവലിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

സംവിധായകൻ ശ്രീകുമാര്‍ മേനോന് പുറമേ, നടൻ ബാബുരാജിനുമെതിരെ യുവതി പരാതി നൽകിയിരുന്നു. ഇവരിൽ നിന്നും ഉണ്ടായ ശാരീരിക മാനസിക വിഷമങ്ങളുടെ തുറന്നു പറച്ചിലാണ് നടത്തുന്നത് എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

അതേസമയം ലൈംഗിക പീഡനകേസിൽ നടൻ സിദ്ദീഖിനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യില്ലെന്നാണ് റിപ്പോർട്ട്. നടിയുടെ പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ലഭിച്ച ശേഷം മതി ചോദ്യം ചെയ്യലും മറ്റ് നടപടികളും എന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. കേസിൽ  പരാതിക്കാരിയുടെ സുഹൃത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com