ക്രൂരമായി മർദിച്ചു, ബലാത്സംഗം ചെയ്തു; നഗ്നയാക്കി നൃത്തം ചെയ്യിച്ചു; ഇൻഡോറിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

യുവതിയുടെ പരാതി 90 ദിവസത്തിനകം തീർപ്പാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രൂരമായി മർദിച്ചു, ബലാത്സംഗം ചെയ്തു; നഗ്നയാക്കി നൃത്തം ചെയ്യിച്ചു; ഇൻഡോറിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്
Published on



മധ്യപ്രദേശ് ഇൻഡോറിൽ 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മധ്യപ്രദേശ് കനാഡിയ പൊലീസാണ് കേസെടുത്തത്.  യുവതിയുടെ പരാതി 90 ദിവസത്തിനകം തീർപ്പാക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ജൂൺ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയെ പ്രതി ബലമായി ഗോഡൗണിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ടിവിയിൽ അശ്ലീല വീഡിയോകൾ കണ്ടതിന് ശേഷം പ്രകൃതിവിരുദ്ധ ലൈംഗികപീഡനം നടത്തിയതായും എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിയെ ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും അരമണിക്കൂറോളം നഗ്നയാക്കി നൃത്തം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിനയ് വിശ്വകർമ വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

ജൂലൈ 17ന് കനാഡിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ ഹർജി നൽകിയിരുന്നു. യുവതിയുടെ പരാതി പരിഗണിച്ച് 90 ദിവസത്തിനകം തീർപ്പുണ്ടാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും ഹൈക്കോടതി കനാഡിയ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയോട് നിർദേശിച്ചു.

അതേസമയം, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിന് കാരണമായത് പൊലീസിന് മേലുള്ള ബിജെപിയുടെ സമ്മർദമാണെന്നും പ്രതികളിലൊരാൾക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സംസ്ഥാന കോൺഗ്രസ് വക്താവ് നീലഭ് ശുക്ല രംഗത്തെത്തി. എന്നാൽ ബിജെപി സംസ്ഥാന വക്താവ് നരേന്ദ്ര സലൂജ കോൺഗ്രസിൻ്റെ ആരോപണം നിഷേധിച്ചു. കുറ്റാരോപിതർ ആരായാലും ഇരയ്ക്ക് നീതി ലഭിക്കുമെന്ന് ബിജെപി സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും യുവതിയുമായി ബന്ധപ്പെട്ട കേസിൽ ഇരുവിഭാഗവും പൊലീസിൽ പരസ്പരം പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നുമായിരുന്നു നരേന്ദ്ര സലൂജയുടെ പ്രസ്താവന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com