
മാധ്യമപ്രവർത്തകർക്കെതിരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് എടുത്തു. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് നടപടി. അനിലിനോട് നാളെ മൊഴിയെടുക്കാൻ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ എസിപിക്കാണ് കേസിൽ അന്വേഷണ ചുമതല.
സുരേഷ് ഗോപിയുടെ അഹങ്കാരവും, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അദ്ദേഹത്തിനുള്ള മാനസിക സംഘർഷങ്ങളുമാണ് മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തതിന് പിന്നിലെന്ന് അനിൽ അക്കരെ. ബിജെപി എംപി എന്തിനാണ് സിപിഎം എംഎൽഎയെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അനിൽ അക്കര ചോദിച്ചു. തൻ്റെ പേര് റിപ്പോർട്ടിലുണ്ടോ? അതോ മുകേഷിനെ സഹായിക്കണോ എന്നുള്ള ചോദ്യങ്ങൾ ഉള്ളിൽ ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ കൈയ്യേറ്റം ചെയ്തതെന്നും അനിൽ അക്കര ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്ന് അനിൽ അക്കര അറിയിച്ചു. പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനിൽ അക്കര പറഞ്ഞു.
കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ ഇടപെടലുകളിൽ ബിജെപി സംസ്ഥാന ഘടകത്തിനും കടുത്ത അതൃപ്തിയുണ്ട്. പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി സുരേഷ് ഗോപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ സമീപിക്കും.