കോഴിക്കോട് ആശുപത്രി ക്യാന്റീനില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; പൊലീസ് കേസെടുത്തു

രോഗിയായ സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് അബിന് ഷോക്കേറ്റത്
കോഴിക്കോട് ആശുപത്രി ക്യാന്റീനില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; പൊലീസ് കേസെടുത്തു
Published on


കോഴിക്കോട് കൂടരഞ്ഞിയില്‍ ആശുപത്രി കോംപൗണ്ടില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ പേരിലാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചത്.

ചവലപ്പാറ സ്വദേശി അബിന്‍ ബിനു (27) വാണ് മരിച്ചത്. അബിന്റെ ബന്ധു അനീഷ്‌മോന്‍ ആന്റണിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആശുപത്രി മാനേജ്‌മെന്റിന് ഗുരുതര സുരക്ഷാവീഴ്ച്ചയുണ്ടായി എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. താമരശ്ശേരി ഡിവൈഎസ്പിക്ക് അബിന്റെ പിതാവ് ബിനുവും പരാതി നല്‍കിയിരുന്നു.

ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. രോഗിയായ സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് അബിന് ഷോക്കേറ്റത്. അബിന് ചികിത്സ നല്‍കാന്‍ വൈകിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. സിപിആര്‍ ഉള്‍പ്പെടെ നല്‍കാന്‍ വൈകിയെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടയില്‍ ആശുപത്രി പരിസരത്തുവെച്ച് നേരത്തേയും ഷോക്കേറ്റിരുന്നതായി വെളിപ്പെടുത്തി പ്രദേശവാസിയും രംഗത്തെത്തിയിരുന്നു. കോലോത്തുംകടവ് സ്വദേശി സാദിഖാണ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അന്ന് അധികൃതരെ വിവരം അറിയിച്ചിരുന്നു. നടപടിയെടുത്തിരുന്നെങ്കില്‍ ബിനുവിന് ജീവന്‍ നഷ്ടമാകില്ലെന്നായിരുന്നു സാദിഖ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com