
വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് ഡോക്ടറെ രക്ഷപ്പെടുത്തി പൊലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെയാണ് രക്ഷപ്പെടുത്തിയത്. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാന്‍സാക്ഷന്‍ നടക്കുന്നത് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് ഡോക്ടറുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ ആണ് കുരുക്ക് മനസ്സിലായത്.
കൊറിയര്‍ സര്‍വീസ് വഴി ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും കടത്തി എന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പ് സംഘം കുരുക്കിയത്. 5 ലക്ഷം രൂപ ഡോക്ടറില്‍ നിന്നും തട്ടിപ്പ് സംഘം കൈക്കലാക്കി. അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുരുക്കിയത്. ചങ്ങനാശ്ശേരി പൊലീസിന്റെ അന്വേഷണത്തോട് ആദ്യഘട്ടത്തില്‍ ഡോക്ടര്‍ സഹകരിച്ചില്ല.
ഡോക്ടറില്‍നിന്ന് കൈക്കലാക്കിയ 5 ലക്ഷം രൂപയുടെ ഇടപാട് മരവിപ്പിക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍ക്ക് കോള്‍ എത്തിയത് മുംബൈയില്‍ നിന്നാണെന്ന് കോട്ടയം എസ്.പി പറഞ്ഞു. ആധാര്‍ ഡീറ്റെയില്‍സ് ആദ്യം അയച്ചു നല്‍കി. സുപ്രീം കോടതിയുടെയും ആര്‍ബിഐയുടെയും പേരിലാണ് തട്ടിപ്പ് സംഘം വിളിച്ചത്. പട്‌നയിലുള്ള അക്കൗണ്ടിലേക്കാണ് പണം അയച്ചു നല്‍കിയത്.
ഡോക്ടര്‍ ബാങ്കില്‍ എത്തിയത് പരിഭ്രാന്തിയോടെ. ആദ്യം ഫോണ്‍ നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ല. എസ്ബിഐയുടെ ഇന്റലിജന്‍സ് സംഘമാണ് തട്ടിപ്പ് കണ്ടെത്തിയത്. 5 ലക്ഷം രൂപ അയച്ചു. അതില്‍ 4,35,000 രൂപ മരവിപ്പിച്ചുവെന്ന് എസ്.പി പറഞ്ഞു.
സുപ്രീം കോടതിയുടെയും ആര്‍ബിഐയുടെയും വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തില്‍ മലയാളികളും ഉണ്ടെന്നും പൊലീസ് അറിയിച്ചു. നഷ്ട്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നത് ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ഡോക്ടര്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും എസ്.പി വ്യക്തമാക്കി.