
കോട്ടയം മണർകാട് നാല് വയസ്സുകാരന്റെ വയറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ ലഹരി എത്തിയത് ചോക്കലേറ്റിൽ നിന്നല്ലെന്ന് കണ്ടെത്തൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എംആർഐ സ്കാനിങ് സമയം നൽകിയ മരുന്നിൽ നിന്നാണ് ലഹരി പദാർത്ഥം ഉള്ളിലെത്തിയത്. ബെൻസോഡയാസിപെൻ ആണ് കുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തിലാണ് ചോകലേറ്റിൽ നിന്നല്ല ലഹരി എത്തിയതെന്ന് തെളിഞ്ഞത്. സ്കൂളിൽ നിന്ന് കുട്ടി കഴിച്ച ചോക്കലേറ്റിൽ നിന്നാണ് ലഹരി ഉള്ളിലെത്തിയതെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. പരാതിക്കാരെ നിജസ്ഥിതി ബോധിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 17ന് സ്കൂളിൽ നിന്ന് വന്നപ്പോൾ മുതൽ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. ആരോഗ്യ പരിശോധനയിൽ ആണ് ലഹരി ഉള്ളിൽ ചെന്നതായി തെളിഞ്ഞത്. ബെൻസോഡയാസിപെൻസിന്റെ സാന്നിധ്യം ആണ് കണ്ടെത്തിയത്.