
സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന നടി ഹണിറോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതി അല്ലെന്ന് പൊലീസ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസെടുക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചാണ് തൃശൂർ സ്വദേശി സലിം രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.
താനും കുടുംബവും നിലവിൽ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് കഴിഞ്ഞദിവസം നടി ഹണിറോസ് പറഞ്ഞത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഹണിറോസ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹണിറോസ് നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു.
ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നാണ് ഹണിറോസിന് രാഹുല്‍ ഈശ്വര്‍ നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.