ചേവായൂർ സൂരജ് കൊലപാതകം: മരണകാരണം കഴുത്തിനേറ്റ ക്ഷതമെന്ന് പൊലീസ്

അയല്‍വാസികളാണ് മനോജ് കുമാറും മക്കളുമടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
ചേവായൂർ സൂരജ് കൊലപാതകം: മരണകാരണം കഴുത്തിനേറ്റ ക്ഷതമെന്ന് പൊലീസ്
Published on

ചേവായൂർ സൂരജ് കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. വകവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമികൾ സൂരജിനെ ആക്രമിച്ചതെന്നും, മരണകാരണം കഴുത്തിനേറ്റ ക്ഷതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസിപി എ. ഉമേഷ് പറഞ്ഞു.

സംഘർഷത്തിന് കാരണം കോളേജിലെ പാർക്കിങ്ങിലുണ്ടായ തർക്കമാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ വച്ച് തർക്കം ഉണ്ടായി. ആക്രമണത്തിന് ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വകവരുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ കൊലപാതകമാണ് ഇതന്നും എസിപി അറിയിച്ചു.

കോഴിക്കോട് ചേവായൂര്‍ പ്രദേശത്തുള്ള തിരുത്തിയാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മായനാട് സ്വദേശി സൂരജ് കൊല്ലപ്പെട്ടത്. കേസിൽ ചെലവൂര്‍ പെരയോട്ടില്‍ മനോജ് കുമാര്‍, മക്കളായ അജയ് മനോജ്,വിജയ് മനോജ് എന്നിവരടക്കമുള്ള 10പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആള്‍ക്കൂട്ടം ചേർന്ന് സൂരജിനെ മർദിക്കുകയായിരുന്നു. ചാത്തമംഗലം കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള നിസാര തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. അക്രമികൾ എത്തിയത് അശ്വന്തിനെ മര്‍ദിക്കാനാണെന്ന് സൂരജിന്റെ സുഹൃത്ത് പ്രത്യുഷ് പറഞ്ഞു. ഇത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച സൂരജിനെ അക്രമികൾ മര്‍ദിക്കുകയായിരുന്നു.

വിളിച്ചു വരുത്തിയാണ് ആക്രമിച്ചതെന്നും സംഘത്തിലുണ്ടായിരുന്ന വിജയ് അശ്വന്തിനെ മര്‍ദിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും പ്രത്യുഷ് പറഞ്ഞിരുന്നു. സൂരജിൻ്റെ അയല്‍വാസികളായ മനോജ് കുമാറും മക്കളുമടക്കം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.


എന്നാല്‍ കോളേജില്‍ യാതൊരു പ്രശ്‌നങ്ങളും സൂരജിന് ഉണ്ടായിരുന്നില്ലെന്നും, ഉത്സവപ്പറമ്പില്‍ വെച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചപ്പോള്‍ തല്ലി തീര്‍ക്കാം എന്നാണ് പിടിയിലായ മനോജ് പറഞ്ഞത് എന്നും സൂരജിന്റെ സുഹൃത്തുക്കള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സൂരജിനെ മര്‍ദിച്ച സംഘത്തില്‍ ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നു എന്ന് സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com