തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: RSS, BJP പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: RSS, BJP പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
Published on

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് നെയ്യാറ്റിൻകരയിലെത്തിയപ്പോഴാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ​ഗാന്ധിയെ ആർഎസ്എസ് ബിജെപി പ്രവർത്തർ തടഞ്ഞത്.


തുഷാർ ​ഗാന്ധിയുടെ പ്രസം​ഗത്തിൽ പ്രകോപിതരായാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്. രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ഈ കാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തുഷാർ ​ഗാന്ധി സഞ്ചരിച്ചിരുന്ന കാറ് തടഞ്ഞുവച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

അതേസമയം, ആർഎസ്എസ് വിഷമയമായ പ്രസ്ഥാനം ആണെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധി ന്യൂസ് മലയാളത്തോട് പറഞ്ഞു. നെയ്യാറ്റിൻകരയിൽ തന്നെ തടഞ്ഞ ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ട്. തന്റെ പ്രസ്താവന പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അക്രമം ഒന്നും ഉണ്ടായില്ലെന്നും തുഷാർഗാന്ധി പറഞ്ഞു. ആർഎസ്എസ് അക്രമ സംഘടന കൂടിയാണെന്നും അദ്ദേഹം കൂട്ടുച്ചേർത്തു.

എന്നാൽ, ഗാന്ധികുടുംബത്തിന്റെ പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറും നാവും അർബൻ നക്സലൈറ്റുകൾക്കും രാജ്യദ്രോഹശക്തികൾക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാൻ വേണ്ടിയാണ് എന്നായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ പ്രസ്താവന. തുഷാർ ​ഗാന്ധിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞു. സിപിഐയും ഡിവൈഎഫ്ഐയും തുഷാർ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയെ വെടിവെച്ച് കൊന്ന വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും സജീവമായിരിക്കുന്നു എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com