
തിരുവനന്തപുരം ധനുവച്ചപുരത്ത് വയോധികയുടെ മരണത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയെ വീട്ടിനുള്ളില്‍ കട്ടിലില്‍ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയത് ഇവരെ സഹായിക്കാൻ എത്തിയിരുന്ന സ്ത്രീയാണ്. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ്റെ പരാതിയിലാണ് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്താൻ കളക്ടർ അനുമതി നൽകിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും വന്ന ശേഷമേ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ധനുവച്ചപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന സെലീനാമ്മയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മകനെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. മൃതദേഹം കുളിപ്പിക്കുന്നതിനിടെ കണ്ടെത്തിയ മുറിവുകളാണ് ദുരൂഹതയിലേക്ക് വഴി വെച്ചത്.
സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടു. മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റു ശരീര ഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകി. മകൻ്റെ പരാതിയിൽ പാറശാല പൊലീസാണ് കേസെടുത്തത്.