
തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസുകാർക്ക് അതൃപ്തി. സ്ഥലം മാറ്റത്തിന് മുൻപായി നൽകിയ യാത്രയയപ്പ് മൊമെന്റൊയിലെ വാചകങ്ങളാണ് അതൃപ്തി പ്രകടമാക്കിയത്. 'ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ' എന്നായിരുന്നു യാത്രയയപ്പ് ഉപഹാരത്തിൽ കുറിച്ച വാചകങ്ങൾ.
തലശേരി മണോലിക്കാവ് ക്ഷേത്രത്തിലെ സംഘർഷത്തിനിടെ സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത എസ്ഐമാരെയാണ് സ്ഥലം മാറ്റിയത്. ഈ നടപടിയിലെ പൊലീസുകാരുടെ അമർഷമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എസ്ഐമാരായ ദീപ്തി, അഖിൽ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജ് പുറത്തിറക്കിയത്.
ഫെബ്രുവരി 19-നാണ് സംഘർഷമുണ്ടാവുന്നത്. മണോളിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിൽ ഇടപെട്ട പൊലീസിനെ സിപിഐഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. പൊലീസിനെ കയ്യേറ്റം ചെയ്ത സിപിഐഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വലിയ സമ്മർദമുണ്ടാവുകയും ഇയാളെ മോചിപ്പിക്കുകയുമായിരുന്നു. അക്രമത്തില്‍ എസ്‌ഐ അഖില്‍, പൊലീസ് ഉദ്യോഗസ്ഥരായ ഹെബിന്‍, പ്രജീഷ്, ഷിബിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്ന് സിപിഐഎം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.