
കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിനെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഐസിയു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. കുഞ്ഞിന് ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുഞ്ഞിന്റെ ആരോഗ്യ പുരോഗതി ഇന്ന് ശിശുക്ഷേമ അധികൃതര്‍ ആശുപത്രിയില്‍ എത്തി വിലയിരുത്തും. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഇനിയും ഒരു മാസം കൂടി ചികിത്സ അനിവാര്യമാണ്. പെണ്‍കുഞ്ഞായതുകൊണ്ട് പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു.
23 ദിവസം പ്രായമായ കുഞ്ഞിന് വനിതാ ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
മാതാപിതാക്കള്‍ തിരിച്ചുവന്നാൽ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വേണ്ടെന്നാണെങ്കില്‍ നിയമപരമായ നടപികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിറും രഞ്ജിതയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ജനുവരി 29ന് രഞ്ജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ രഞ്ജിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
കുഞ്ഞിനെ വിദഗ്ധ ചികിത്സ്‌ക്കായി ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 31ന് രഞ്ജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ ലൂര്‍ദ് ആശുപത്രിയില്‍ കുഞ്ഞിന്റെ അടുത്ത് എത്താതെ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയായിരുന്നു. ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല