
ഗാസയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നടത്താനായി എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ലോക ആരോഗ്യ സംഘടന വക്താവ്. പോളിയോ പടരാന്‍ അതീവ സാധ്യതയുണ്ടെന്ന ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ ആവശ്യവുമായി ലോക ആരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുന്നത്.
ഗാസയിലെ ആരോഗ്യ വിഭാഗം പറയുന്നത് പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ പലസ്തീന്‍ പ്രദേശത്ത് നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 33 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹമാസും ആക്രമണ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനാല്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നില്ല. തടവുപുള്ളികളുടെ കൈമാറ്റവും സമാനമായ രീതിയില്‍ തടസപ്പെട്ടിരിക്കുകയാണ്.
പലസ്തീന്‍ തടവുകാരില്‍ ഒരാളെ ഉപദ്രവിച്ചുവെന്ന ആരോപണത്തില്‍ ഒമ്പത് സൈനികരെ ഇസ്രയേല്‍ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തീവ്ര വലതുപക്ഷ സംഘടനകള്‍ ഇസ്രയേല്‍ സൈനിക ബേസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
39,363 പേരാണ് ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.90,923 പേര്‍ക്ക് പരുക്കേറ്റിറ്റുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ ബന്ദിയാക്കപ്പെടുകയും ചെയ്തിരുന്നു.